
കാസര്‍കോട്: മഹാരോഗത്തിന്റെ തളര്‍ച്ചയില്‍ ഇടറിവീഴുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ 108 പെണ്‍കുട്ടികളും അവരുടെ നാലു ടീച്ചര്‍മാരും കാരുണ്യം പകുത്തു നല്‍കി മാതൃകയായി. അര്‍ബുദരോഗികള്‍ക്ക് ധരിക്കാനുള്ള വിഗ്ഗ് നിര്‍മാണത്തിന് കാസര്‍കോട് ഗവ. കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് 15 സെന്റീമീറ്ററിലധികം മുടി മുറിച്ചുനല്‍കിയത്. ഗവ. കോളേജ് യൂണിറ്റിന് കീഴിലുള്ള മാതൃകം സംഘടനയുടെ നേതൃത്വത്തിലാണ് മുടി മുറിച്ചത്. മിനിമം 15 സെന്റീമീറ്റര്‍ മുടിക്കുപകരം അരമീറ്ററോളം നല്‍കിയവരുമുണ്ട്. മുറിച്ച മുടികള്‍ പ്രത്യേകം കെട്ടി കവറിലാക്കി തൃശൂരിലെ ഹെയര്‍ ബാങ്കിലേക്ക് അയച്ചു. ചെന്നൈയില്‍ നിന്നാണ് വിഗ്ഗ് നിര്‍മിച്ച് അര്‍ബുദരോഗികള്‍ക്ക് നല്‍കുന്നത്.

55 പേരാണ് മുടി മുറിക്കാന്‍ മാതൃകത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ആവേശം പൂണ്ട കൂട്ടുകാരും ചേര്‍ന്ന് മുടി നല്‍കുകയായിരുന്നു. പിന്നാലെ നാല് അധ്യാപികമാരും മുടി മുറിച്ചുനല്‍കി. ബ്യൂട്ടീഷന്‍ സിത്താരയും സഹായി ലതയുമാണ് മുടി മനോഹരരമായി മുറിച്ച് പായ്ക്ക് ചെയ്തത്. കോളേജില്‍ നടന്ന മുടി ദാന ക്യാമ്പ് ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. മാതൃകം കണ്‍വീനര്‍ ടി.എന്‍ നേഹ അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ ഡോ. വിനയന്‍, കോളേജ് സുപ്രണ്ട് ബാല സുന്ദര്‍, ബി വൈശാഖ്, ഷിബുലാല്‍ പാടി, സവാദ് കടവത്ത്, കെ അഞ്ജിത, അശ്വിന്‍കൃഷ്ണ സംസാരിച്ചു.
