
മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നത് വലിയ വിജയമായാണ് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം കാണുന്നതെങ്കിലും കേരളത്തിലെ നേതാക്കൾ ഒട്ടും ആവേശത്തിലല്ല. കേരളത്തിലുള്ള ഒരു പഞ്ചായത്തു വാർഡിൽ പോലും ഒറ്റയ്ക്ക് ജയിക്കാൻ കഴിയാത്ത ഒരു നേതാവിനെ കെട്ടിയിറക്കി കേരളത്തിലേക്ക് കൊണ്ട് വരുന്നത് പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കും എന്നാണ് ബി.ജെ.പിയുടെ കേരളാ നേതാക്കളുടെ അഭിപ്രായം.

നിലവിൽ തന്നെ മറ്റുള്ള പാർട്ടികളിൽ നിന്നും നേതാക്കളെ പണവും മറ്റും വാഗ്‌ദഗാനം ചെയ്തു ബി.ജെ.പി ചാക്കിട്ടു പിടിക്കുകയാണ് എന്ന ആരോപണം ശക്തമാണ്. എന്നാൽ കേരളം ഇത്തരത്തിൽ കൂടുമാറുന്ന നേതാക്കളെ പ്രോത്സാഹിപ്പിക്കാറില്ല എന്നതാണ് സംസ്ഥാന ബി.ജെ.പി നേതാക്കൾ പങ്കു വെക്കുന്ന ആശങ്ക. അത് മാത്രമല്ല, ടോം വടക്കന് കേരളത്തിൽ സ്വന്തമായി പ്രതിച്ഛായയെ അണികളോ നിലവിലില്ല. അതിനാൽ തന്നെ വടക്കൻ വരുന്നത് കൊണ്ട് സംസ്ഥാന ബി.ജെ.പിക്ക് ഒരു ഗുണവും ഉണ്ടാകില്ല എന്ന് മാത്രമല്ല നഷ്ട്ടം മാത്രമേ ഉണ്ടാകൂ എന്നാണു നേതാക്കളുടെ വിലയിരുത്തൽ.
ഈ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രന് വേണ്ടി സംസ്ഥാന ബി.ജെ.പി കരുതി വെച്ച തൃശൂർ ലോകസഭാ മണ്ഡലം ടോം വടക്കന് നൽകിയാൽ അത് വീണ്ടും പാർട്ടിയിൽ പ്രതിസന്ധിയുണ്ടാക്കും എന്നും നേതാക്കൾ ഭയപ്പെടുന്നു. തൃശൂരില്‍ മത്സരിക്കാൻ ടോം വടക്കനോട് ദേശീയ നേതൃത്വം നിര്‍ദേശിച്ചാല്‍ എന്താകും തീരുമാനം എന്ന ചോദ്യത്തിന് അത് സംസ്ഥാനത്ത് കൂട്ടായേ തീരുമാനിക്കാനാകൂ എന്നായിരുന്നു പി. എസ് ശ്രീധരൻ പിള്ള മറുപടി പറഞ്ഞത്.
