കോളേജ് ഹോസ്റ്റലിലെ പെൺകുട്ടികൾ രാഷ്ട്രീയപ്രവർത്തനം നടത്തുന്നതും സിനിമയ്ക്ക് പോകുന്നതും തടയരുത്; സുപ്രധാന വിധിയുമായി കേരളാ ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing കോളേജ് ഹോസ്റ്റലിലെ പെൺകുട്ടികൾ രാഷ്ട്രീയപ്രവർത്തനം നടത്തുന്നതും സിനിമയ്ക്ക് പോകുന്നതും തടയരുത്; സുപ്രധാന വിധിയുമായി കേരളാ ഹൈക്കോടതി

കൊച്ചി: കോളേജ് ഹോസ്റ്റൽ അന്തേവാസികളായ പെൺകുട്ടികൾ രാഷ്ട്രീയപ്രവർത്തനം നടത്താൻ പാടില്ലെന്നും സിനിമയ്ക്ക് പോകാൻ പാടില്ലെന്നുമുള്ള നിലവിലെ വിലക്കുകൾ റദ്ദാക്കി കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. ഈ രീതിയിലുള്ള വിലക്കുകൾ മൗലികാവകാശത്തിന്‍റെ ലംഘനമാണെന്നും ആൺകുട്ടികൾക്കുള്ള അതെ അവകാശങ്ങൾ തന്നെ പെൺകുട്ടികൾക്കും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്ത്താഖാണ് വിധി പുറപ്പെടുവിച്ചത്. തൃശൂർ കേരളവർമ്മ കോളേജില്‍ നിന്നുള്ള വിദ്യാർത്ഥിനികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെൺകുട്ടികൾ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കാൻ പാടില്ല, സിനിമയ്ക്ക് പോകണമെങ്കില്‍ വാർഡന്‍റെ അനുവാദം ലഭിച്ചേ തീരൂ, മാത്രമല്ല, സിനിമയ്ക്ക് പോകുമ്പോൾ ഫസ്റ്റ് ഷോയ്ക്ക് മാത്രമെ പോകാവൂ എന്നീ നിയന്ത്രണങ്ങളെയാണ് പെൺകുട്ടികൾ ചോദ്യം ചെയ്തത്. ഹോസ്റ്റലിനുള്ളിലെ അച്ചടക്കം നിയന്ത്രിക്കുക കോളേജ് മാനേജ്മെന്റാണ്. അക്കാര്യത്തില്‍ മാനേജ്‌മെന്റ് എടുക്കുന്ന തീരുമാനങ്ങളിൽ കൈകടത്താനുള്ള അവകാശം അന്തേവാസികളായ വിദ്യാർത്ഥികൾക്ക് അനുവാദമില്ല എന്നും കോടതി നിരീക്ഷിച്ചു.

അപ്പോള്‍ പോലും ഈ തീരുമാനങ്ങൾ എന്ത് ലക്ഷ്യം വെച്ചാണ് കൈക്കൊണ്ടത് എന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം മാനേജ്‌മെന്റിനുണ്ട്. രാഷ്ട്രീയപ്രവർത്തനം നടത്താൻ പാടില്ല എന്ന വിലക്ക് അച്ചടക്കത്തിന്‍റെ പരിധിയിൽ വരുന്നതല്ല. തങ്ങളുടെ ആശയങ്ങൾ എവിടെയും പ്രകടിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്. രാജ്യം നല്‍കുന്ന ആ മൗലികാവകാശത്തെ ലംഘിക്കാൻ ആർക്കും അവകാശമില്ല. കോടതി പറഞ്ഞു.

സിനിമയ്ക്ക് പോകുമ്പോള്‍, അത് ഫസ്റ്റ് ഷോ ആയാലും സെക്കൻഡ് ഷോ ആയാലും, അവകാശം വിദ്യാർത്ഥിനികൾക്കുണ്ട്. അത് ഹോസ്റ്റലിന്‍റെ പരിധിയുടെ പുറത്തുള്ള പ്രവർത്തനമാണെന്നും മറ്റുള്ളവർക്ക് ഇടപെടാനുള്ള അവകാശമില്ലെന്നും കോടതി പറഞ്ഞു. ഈ തരത്തിലുള്ള വിലക്കുകൾ ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലുകളിൽ ഇല്ലെന്നതും കോടതി പ്രത്യേകം നിരീക്ഷിച്ചു. അതേസമയം, ഹോസ്റ്റലിൽ പെൺകുട്ടികൾ എപ്പോൾ തിരിച്ച് കയറാം എന്ന് അധികൃതർക്ക് തീരുമാനിക്കാമെന്നും എന്നാൽ ആ തീരുമാനം അച്ചടക്കം ഉദ്ദേശിച്ച് കൊണ്ട് മാത്രം ആയിരിക്കണമെന്നും കോടതി ഓർമിപ്പിച്ചു.

0Shares