കോട്ടയം: നഗരമദ്ധ്യത്തില്‍ പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍ മദ്ധ്യവയസ്‌ക്കൻ്റെ മൃതദേഹം കണ്ടെത്തി. എന്നാല്‍ കൊലപാതകമെന്നാണ് പോലിസിൻ്റെ പ്രാഥമിക നിഗമനം. കോട്ടയം പള്ളിക്കത്തോട് സ്വദേശി വിജയന്‍(75) ആണ് മരിച്ചത്. മൃതദേഹത്തില്‍ കണ്ട തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിയാനായത്. തിരുനക്കര ക്ഷേത്രത്തിന് സമീപം ചുവപ്പു ഷര്‍ട്ടും കൈലിമുണ്ടും വസ്ത്രധാരിയാണ് മരണമടഞ്ഞിരിക്കുന്നത്. വൈദ്യൂതി പോസ്റ്റിലേക്ക് ചാരി മുഖം പോസ്റ്റില്‍ അമര്‍ത്തി നില്‍ക്കുന്ന നിലയിലാണ് കെട്ടി വെച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുന്‍പിലായി മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലാണ് മൃതദേഹം. കൊന്ന് കെട്ടിതൂക്കിയതാകാം എന്നാണ് പോലീസ് നല്‍കുന്ന സൂചന. പുലര്‍ച്ചെ മൂന്നുമണിയോടെ സമീപത്തെ കടയിലെത്തി ചായകുടിച്ചുപോയ ആളെയാണ് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അതേസമയം കൊലപാതകത്തിലേക്കു നയിക്കുന്ന തരത്തിലുള്ള മുറിവുകളോ മറ്റോ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ലെന്നു പ്രാഥമിക പരിശോധനയ്ക്കുശേഷം പൊലീസ് അറിയിച്ചു. എന്നാല്‍ തിരക്കേറിയ സ്ഥലത്തു നടന്ന സംഭവം പൊലീസിനെയും കുഴക്കുന്നുണ്ട്. പോസ്റ്റില്‍ ചാരിവച്ച മൃതദേഹത്തിന്റെ കാലുകള്‍ അല്‍പം മടങ്ങിയ നിലയിലാണെന്നതും സംശയം വര്‍ധിപ്പിക്കുന്നു.
കോട്ടയത്ത് മധ്യവയസ്‌കൻ്റെ മൃതദേഹം പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം