കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകക്കേസില്‍ വീണ്ടും ട്വിസ്റ്റ്: സയന്റെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ദുരൂഹത.

  • Post category:news
  • Reading time:1 min read
You are currently viewing കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകക്കേസില്‍ വീണ്ടും ട്വിസ്റ്റ്: സയന്റെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ദുരൂഹത.

പാലക്കാട്: പാലക്കാട് കണ്ണാടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന, കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി സയന്റെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ദുരൂഹത. മൂവരും സഞ്ചരിച്ചിരുന്ന വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന മറ്റൊരു വാഹനത്തിലിടിച്ചാണ് സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ വിനുപ്രിയയുടെയും മകളുടെയും കഴുത്തില്‍ ഒരേപോലുള്ള ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതാണ് പോലീസിനെ കുഴയ്ക്കുന്നത്. കഴുത്തിലേറ്റ മാരക മുറിവാണ് ഇരുവരുടെയും മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഡ്രൈവര്‍ സീറ്റില്‍ മാത്രമാണ് രക്തം കണ്ടെത്തിയത്.

ഇതോടെ മറ്റെവിടെയോ വച്ച് ഭാര്യയെയും മകളെയും കൊലപ്പെടുത്തി കാര്‍ മനപൂര്‍വ്വം ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു സയനെന്ന് സംശയിക്കുന്നു. ഇതോടെ ഈ അപകടം ഒരു ആത്മഹത്യാ ശ്രമമായിരുന്നെന്ന സംശയം ബലപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സയന്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സയനില്‍ നിന്നും മൊഴിയെടുക്കാനായാല്‍ മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. കോയമ്പത്തൂരിലെ ഒരു ബേക്കറിയില്‍ ജോലി നോക്കുകയായിരുന്നു തൃശൂര്‍ സ്വദേശിയായ സയന്‍. സയനുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് കേസിലെ ഒന്നാം പ്രതിയായ കനകരാജ് എസ്റ്റേറ്റ് കൊള്ളയടിക്കാന്‍ പദ്ധതി ഒരുക്കിയത്. മോഷണത്തിനായുള്ള സംഘത്തെ രൂപീകരിച്ചത് സയനാണ്. 24ന് അവര്‍ പദ്ധതി നടപ്പാക്കുകയും ചെയ്തു. അതിനിടെയാണ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടത്.

0Shares