
കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നില്‍ നീക്കം നടത്തിയത് ഉമ്മന്‍ ചാണ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ പി.ജെ ജോസഫിനെ പ്രോത്സാഹിപ്പിക്കുന്നത് ഈ സംഘമാണെന്നും കോടിയേരി ആരോപിക്കുകയുണ്ടായി.
കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള കോണ്‍ഗ്രസിന്‍റെ തന്ത്രമാണ് പിളര്‍പ്പിന്‍റെ പിന്നിലെന്നാണ് കോടിയേരിയുടെ വാദം. കേരള കോണ്‍ഗ്രസിനെ നാമാവശേഷമാക്കി കോട്ടയത്ത് കോണ്‍ഗ്രസിന് ആധിപത്യമുറപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും കോടിയേരി പറയുന്നു. കേരള കോണ്‍ഗ്രസിന്‍റെ പിളര്‍പ്പ് നേരത്തെ പ്രതീക്ഷിച്ചതാണെന്നും രണ്ട് വിഭാഗങ്ങളും നിലവില്‍ യു.ഡി.എഫിന്‍റെ ഭാഗമാണെന്നും യു.ഡി.എഫില്‍ ഈ പിളര്‍പ്പ് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കോടിയേരി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

ജോസ് കെ.മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തതിന് പിന്നാലെ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. നടന്നത് അനധികൃത യോഗമാണെന്നും യോഗത്തില്‍ പങ്കെടുത്ത ജോസ്.കെ മാണി ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിക്ക് പുറത്തായെന്നും ജോസഫ് പറഞ്ഞിരുന്നു. യോഗത്തില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും സംസ്ഥാന കമ്മറ്റി അംഗങ്ങളല്ല. ആള്‍ക്കൂട്ടമാണ് ജോസ്.കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഇത് കേരള കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും ജോസഫ് പറഞ്ഞിരുന്നു.
എന്നാല്‍ കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുമെന്ന് മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് എം.എല്‍.എ പ്രതികരിച്ചിരുന്നു.എന്നാല്‍ സി.എഫ് തോമസ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
