കാസര്‍കോട്: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പതിനയ്യായിരം കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ സംസ്ഥാനതല ചിതാഭസ്മ നിമഞ്ജന യാത്രക്ക് കാസര്‍കോട് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം കിട്ടിയിട്ടും കേരളം കേന്ദ്രത്തോട് നീതികാട്ടിയില്ല. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിക്ക് നല്‍കാത്ത പ്രാധാന്യമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് മാധ്യമങ്ങള്‍ നല്‍കിയത്.
പ്രളയ ദുരിതം ആരംഭിച്ച് രണ്ടാം ദിനം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കേരളത്തിലെത്തിയ പ്രധാനമന്ത്രിയും പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച് ദുരിതക്കെടുതിയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ സമയം കണ്ടെത്തി. എന്നാല്‍, മലയാളിയല്ലാത്ത ഏതെങ്കിലും ഒരു കോണ്‍ഗ്രസ് ദേശീയ നേതാവ് ഇവിടേക്കെത്തിയോ എന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.
ബി.ജെ.പി നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ പക്ഷപാതിത്വം കാണിച്ച മാധ്യമങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. കേരളത്തിലെ മാധ്യമങ്ങള്‍ അമേരിക്കയിലേതു പോലെയാകരുതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
പതിനയ്യായിരം കോടി രൂപ നല്‍കിയിട്ടും കേരളം കേന്ദ്രത്തോട് നീതികാട്ടിയില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള