
സർക്കാർ ലോട്ടറികളുടെയും ഇതരസംസ്ഥാന സ്വകാര്യ ലോട്ടറികളുടെയും നികുതി നിരക്ക് 28 ശതമാനമായി ഏകീകരിക്കാൻ ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനം. വോട്ടെടുപ്പിലൂടെയാണ് ജി.എസ്.ടി കൗണ്‍സില്‍ ലോട്ടറി നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ പുതിയ തീരുമാനത്തെ എതിര്‍ത്തെങ്കിലും വോട്ടെടുപ്പിലൂടെ പാസാവുകയായിരുന്നു.
ഇതുവരെ ലോട്ടറികള്‍ക്ക് രണ്ട് നികുതിയാണ് ഏര്‍പ്പെടുത്തിയത്. നിലവിൽ സർക്കാർ ലോട്ടറികൾക്ക് 12 ശതമാനവും സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവുമായിരുന്നു ജി.എസ്.ടി. എന്നാല്‍ ഈ രണ്ട് നികുതികളും ഏകീകരിക്കാനാണ് ബുധനാഴ്ച ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനമായത്. ആദ്യമായാണ് ജി.എസ്.ടി കൗണ്‍സിലില്‍ വോട്ടെടുപ്പിലൂടെ ഒരു തീരുമാനം കൈക്കൊള്ളുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.

രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഡല്‍ഹി, പുതുച്ചേരി, മധ്യപ്രദേശ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി ഏകീകരിക്കുന്നതിനെ എതിര്‍ത്തത്. സർക്കാർ ലോട്ടറികളുടെ നികുതി കൂട്ടുന്നത് യോഗത്തിൽ കേരളം ശക്തമായി എതിർത്തു. കേന്ദ്രം ഉറച്ചുനിന്നതോടെ ധനമന്ത്രി തോമസ് ഐസക് വോട്ടെടുപ്പ് ആവശ്യപ്പെട്ടു. നികുതിനിരക്ക് ഏകീകരിക്കുന്നതിനനുകൂലമായി കേന്ദ്രവും 16 സംസ്ഥാനങ്ങളും വോട്ടുചെയ്‌തു.
കേരളമടക്കം ഏഴുസംസ്ഥാനങ്ങൾ എതിർത്തു. ജി.എസ്.ടി കൗൺസിലിൽ 75 ശതമാനം വോട്ടുലഭിച്ചാൽമാത്രമേ നികുതി നിർദേശം അംഗീകരിക്കൂ. കേന്ദ്രത്തിന്‍റെ വോട്ടിന് 25 ശതമാനവും സംസ്ഥാനങ്ങളുടെ വോട്ടിന് 75 ശതമാനവുമാണ് മൂല്യം. പഞ്ചാബും രാജസ്ഥാനും കേരളത്തിനൊപ്പംനിന്ന് നികുതി ഏകീകരണത്തെ എതിർത്ത് വോട്ടുചെയ്‌തിരുന്നെങ്കിൽ കേന്ദ്രനീക്കം പാളുമായിരുന്നു.
