
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവൺമെൻറ് രാജ്യത്തിന് ഭീഷണിയാണെന്നും ജനാധിപത്യത്തിനും മതേതരത്വത്തിനും ബഹുസ്വരതയ്ക്കും വെല്ലുവിളിയാണെന്നും രണ്ടുതരം ഇന്ത്യക്കാരെ സൃഷ്ടിക്കുകയാണെന്നും സി. പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മുത്തലാക്ക് പ്രാകൃതമായ സംഭവമാണെന്നും ഇടതുപക്ഷം മുത്തലാക്കിന് എതിരാണെന്നും കോടിയേരി പറഞ്ഞു. സി.പി.എം കാസറകോട് ജില്ലാ സമ്മേളനത്തിലെ പ്രധിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവലിബറൽ സാമ്പത്തിക അജണ്ടയും വർഗീയ ധ്രുവീകരണ തീവ്രവാദവും പാർലമെന്ററി ജനാധിപത്യ സംവിധാനം അട്ടിമറിക്കുകയും വിദേശനയത്തിൽ കാതലായ മാറ്റം വരുത്തികൊണ്ടിരിക്കുകയും ചെയ്യുകയാണ് രാജ്യത്ത് നരേന്ദ്രമോദി സർക്കാരെന്നും കോടിയേരി കുറ്റപ്പെടുത്തി.
ബി.ജെ.പി അധികാരത്തിൽ വന്നത് ആർ.എസ്.എസ് നടത്തിയ ആസൂത്രിത നയത്തിന്റെ ഭാഗമായാണ്. കോർപറേറ്റുകളുടെ സഹായത്തോടെയാണ് അധികാരം നേടിയത്. ഭരണകൂടത്തെ ഉപയോഗിച്ച് കോർപറേറ്റ് വത്കരണം കൊണ്ട് വന്നിരിക്കുകയാണ്. നീതി ആയോഗ് കൊണ്ടുവന്നും ജി.എസ്.ടി കൊണ്ടുവന്നും രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർത്തു. റെയിൽവേ ബജറ്റ് വേണ്ടെന്നു വെച്ചു. മൂന്ന് വർഷങ്ങളായി കോർപറേറ്റുകൾക്കും കുത്തകകൾക്കും വേണ്ടിയുള്ള നയങ്ങളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ രൂക്ഷമാക്കി. കാർഷികമേഖലയെ തകർത്തു. മോദിയുടെ ഭരണകാലത്തു 36,000 കർഷകർ രാജ്യത്ത് ആത്മഹത്യ ചെയ്തു.
നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം കണ്ടെത്താൻ കഴിഞ്ഞില്ല. രാജ്യത്തുണ്ടായിരുന്ന കള്ളപ്പണം വെള്ളപ്പണമാക്കാൻ മാത്രമാണ് കഴിഞ്ഞത്. വിദേശ കള്ളപ്പണം പനാമ പേപ്പറിലോടെ വെളിപ്പെടുത്തിയപ്പോൾ അതിൽ ബി.ജെ.പി യുടെയും കോൺഗ്രസിന്റെയും നേതാക്കളുടെ വിവരമാണ് പുറത്തുവന്നത്. ഇരുകൂട്ടരും കള്ളപ്പണക്കാരുടെ സംരക്ഷകരായി. ബി.ജെ.പിക്കാർ ഏറ്റവും വലിയ അഴിമതിക്കാരാണ്. മധ്യപ്രദേശിലെ വ്യാപം കുംഭകോണം, നിരവധി ഭൂമിയഴിമതി, അമിത്ഷായുടെ മകന്റെ അഴിമതി, രാജ്യാരക്ഷാ മന്ത്രിയുടെ ബന്ധുവിന്റെ അഴിമതി, റാഫേൽ വിമാന അഴിമതി എന്നിങ്ങനെ ബി.ജെ.പി ഗവൺമെന്റ് അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾ രാജ്യത്ത് വർധിച്ചിരിക്കുകയാണ്. ഇത് വഴിതിരിച്ചുവിടാനാണ് ബി.ജെ.പി രാജ്യത്താകമാനം വർഗീയ ആക്രമണങ്ങൾ നടത്തുന്നത്. മതന്യുനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ശത്രുവായി കാണാനാണ് ആർ.എസ്.എസ്സും ബി.ജെ.പിയും പറയുന്നത്. മതന്യൂന പക്ഷങ്ങൾക്കെതിരെയും പട്ടികജാതി പട്ടിക-വർഗക്കാർക്കുനേരെയും അക്രമം ആരംഭിച്ചു. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ വെടിവെച്ചു കൊല്ലുന്നു. വ്യാജ ഏറ്റുമുട്ടലിൽ വിചാരണ നടത്തേണ്ട ഹൈക്കോടതി ജഡ്ജി ദുരൂഹമായി കൊല്ലപ്പെട്ടു. കൊലപാതകം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. സംഘപരിവാർ സ്വതന്ത്ര സംഘടനകൾ ഏജൻസികൾ നിയമം കയ്യിലെടുക്കുന്നു. ആധാർ വിവരങ്ങൾ ചോർത്തിയെടുക്കാൻ കഴിയുമെന്ന് തെളിയിച്ച മാധ്യമത്തിനെതിരെ കേസെടുത്തു. ചില ചാനലുകളുടെ പ്രക്ഷേപണം നിരോധിച്ചു. ഇത് മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നതിന് തെളിവാണ്.
1980കളിൽ ശരീഅത്ത് സമ്പ്രദായത്തിനെതിരെ സി.പി.എം ശക്തമായ പ്രചാരണം നടത്തിയിരുന്നു. ബി. ജെ.പി മുസ്ലിം സ്ത്രീകൾക്ക് വേണ്ടിയാണ് മുത്തലാക് നടപ്പിലാക്കുന്നതെന്ന് പറഞ്ഞു ചർച്ചകൾ നടത്താതെ പാർലമെന്റിൽ അതിവേഗത്തിൽ ചുട്ടെടുത്തു. ഇത് മുസ്ലിം സ്ത്രീകളെ രക്ഷിക്കാനല്ല. സുപ്രീം കോടതി മുത്തലാക്ക് നിയമവിരുദ്ധമാക്കിയിട്ടുണ്ട്. മുത്തലാക്കിന് മുസ്ലിങ്ങൾക്ക് ക്രിമിനൽ കേസും ഹിന്ദുവിന്റെ വിവാഹമോചനത്തിന് സിവിൽ കേസുമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
തെരെഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ കേരളത്തിൽ ഇടത് സർക്കാർ നടപ്പിലാക്കി വരികയാണ്. കേരളത്തിൽ ചരിത്രത്തിൽ ആദ്യമായി പിന്നോക്ക വിഭാഗക്കാരെ ക്ഷേത്രങ്ങളിൽ പൂജാരിയാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം നോട്ടുനിരോധനനവും ജി.എസ്.ടി യുമാണ്. കേന്ദ്രസർക്കാർ നയങ്ങളെ എതിർക്കാൻ കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസ്സ് മിണ്ടുന്നില്ല. ബി.ജെ.പി കേരളത്തിൽ ക്രമസമാധാനം തകർക്കുന്നു. ആർ.എസ്.എസ്. മാത്രമല്ല മുസ്ലിം വർഗീയ വാദികളും കലാപം സൃഷ്ടിക്കുന്നു. ഐ.എസ്.ഐ.എസ്സിനെ കേരളത്തിൽ കൊണ്ടുവരാനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്നും കരുതിയിരിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റിപ്പോർട്ട്, ചർച്ച, പൊതുചർച്ച, മറുപടി എന്നിവ നടക്കും. ബുധനാഴ്ച ജില്ലാകമ്മിറ്റിയേയും സെക്രട്ടറിയേയും സംസ്ഥാനസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് വൈകിട്ട് 5000 റെഡ് വളണ്ടിയർ പരേഡ് നടക്കും. പതിനായിരക്കണക്കിന് പ്രവർത്തകർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
