കെ.പി.സി.സി പ്രസിഡന്റിനെ കുറിച്ച് കൂടുതല്‍ അറിയാം; ആരാണ് മുല്ലപ്പളളി..? സാജന്‍ പള്ളൂര്‍ എഴുതുന്നു

You are currently viewing കെ.പി.സി.സി പ്രസിഡന്റിനെ കുറിച്ച് കൂടുതല്‍ അറിയാം; ആരാണ് മുല്ലപ്പളളി..? സാജന്‍ പള്ളൂര്‍ എഴുതുന്നു

സാജന്‍ പള്ളൂര്‍

കോഴിക്കോട്: പൊതുജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച സംശുദ്ധിയിലൂടെ ശ്രദ്ധേയനായ മുല്ലപ്പളളി വിദ്യാര്‍ത്ഥി ജീവിതകാലത്തു തന്നെ രാഷ്ട്രീയത്തിലെത്തി. ആദര്‍ശമൂല്യങ്ങള്‍ മുറുകെപ്പിടിച്ച കറകളഞ്ഞ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുല്ലപ്പള്ളി ഗോപാലന്റെ മകനായി ജനിച്ച അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും അതു തന്നെയായിരുന്നു. ചോമ്പാല ബി.ഇ.എം സ്‌കൂളില്‍ ലീഡറായി തുടങ്ങിയ അദ്ദേഹം മടപ്പള്ളി ഗവ. ഫിഷറീസ് ഹൈസ്‌കൂളിലും മടപ്പള്ളി ഗവ. കോളേജിലും കെ.എസ്.യു യൂണിറ്റിന് തുടക്കം കുറിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.1966-67 ല്‍ കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡണ്ടായ അദ്ദേഹം 1967-68 ല്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 1970 ല്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പദത്തിലെത്തിയ മുല്ലപ്പളളി കോണ്‍ഗ്രസ് സോഷ്യലിസ്‌ററ് ഫോറത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

മലബാറിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ മുല്ലപ്പള്ളി 1972 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. 1977 മുതല്‍ 1982 വരെ സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിനെ നയിച്ച മുല്ലപ്പളളി പ്രസ്ഥാനത്തിന് ഊര്‍ജ്വസ്വലമായ നേത്ര്വത്വമാണ് നല്‍കിയത് . യൂത്ത് കോണ്‍ഗ്രസിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു അത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ മുല്ലപ്പള്ളിയുടെ നേത്ര്വതത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 58 ദിവസം നീണ്ടു നിന്ന പദയാത്ര ശ്രദ്ധേയമായിരുന്നു. 1978 ല്‍ അധികാരം നഷ്ടപ്പെട്ട ഇന്ദിരാഗാന്ധിക്ക് വേണ്ടി പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കെ.കരുണാകരന്റെ വലം കൈയായി പ്രവര്‍ത്തിച്ചു. 1978 ല്‍ കോഴിക്കോട്ട് വച്ചു നടത്തപ്പെട്ട കോണ്‍ഗ്രസിന്റെ മലബാര്‍ മേഖലാ സമ്മേളനം വന്‍ ജനാവലി കൊണ്ടു ശ്രദ്ധേയമായി. ഡോ. കെ.ജി അടിയോടി, മുല്ലപ്പളളി രാമചന്ദ്രന്‍ , എന്‍. രാമകൃഷ്ണന്‍ എന്നിവരായിരുന്നു മുഖ്യ സംഘാടകര്‍.മാര്‍ക്‌സിസ്റ്റ് ശക്തികേന്ദ്രമായ കണ്ണൂരില്‍ നിന്നും 1984 ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ പാര്‍ലമെന്ററി രാഷ്ട്രീയം ആരംഭിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു കോണ്‍ഗ്രസുകാരന്‍ കണ്ണൂരില്‍ നിന്നും പാര്‍ലമെന്റിലെത്തുന്നതെന്ന പ്രത്യേകതയും ആ വിജയത്തിനുണ്ടായിരുന്നു. അതേ വര്‍ഷം തന്നെയാണ് മുല്ലപ്പള്ളിയെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി ഇന്ദിരാഗാന്ധി നേരിട്ടു നിയമിക്കുന്നത്.ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുന്നതിന്റെ തൊട്ടു തലേന്നായിരുന്നു ഈ നിയമനം. 1988 ല്‍ രാജീവ് ഗാന്ധിയുടെ കീഴില്‍ എ.ഐ.സി.സി സെക്രട്ടറിയായും അദ്ദേഹം നിയമിക്കപ്പെട്ടു.1980 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ മുല്ലപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഉത്ഘാടനം ചെയ്തത് . മലബാറിന് ഒരു വിമാനത്താവളത്തിന്റെ ആവശ്യകത ഇന്ദിരാഗാന്ധിക്ക് മുന്‍പില്‍ ശക്തമായി അവതരിപ്പിക്കാനും യൂത്ത് കോണ്‍ഗ്രസിനായി. ആ സമ്മേളനത്തിലെ ഉത്ഘാടന പ്രസംഗത്തിലാണ് എല്ലാവരെയും അഭുതപ്പെടുത്തി ഇന്ദിരാഗാന്ധി കോഴിക്കോട് വിമാനതാവളം പ്രഖ്യാപിക്കുന്നത്. 1980 ല്‍ മുല്ലപ്പള്ളി മുന്‍കൈയെടുത്ത് ഇന്ദിരാഗാന്ധിയെ തന്റെ ജന്മഗ്രാമത്തില്‍ ചോമ്പാല്‍ മൈതാനത്ത് തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തിച്ചത് ചരിത്രത്തിന്റെ രസകരമായ ആവര്‍ത്തനമായി. 1950 കളിലാദ്യം ഇതേ മൈതാനിയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു എത്തിയത് അദ്ദേഹത്തിന്റെ പിതാവ് മുല്ലപ്പള്ളി ഗോപാലന്റെ ശ്രമഫലമായിട്ടായിരുന്നു. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ അരങ്ങേററം ബാംഗ്ലൂരിലെ യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിലായിരുന്നു. മുല്ലപ്പള്ളി പ്രസിഡന്റായിരിക്കെ പ്രസ്തുത സമ്മേളനത്തിന്റെ വിജയത്തിന് ഒരു പ്രത്യേക തീവണ്ടിയിലാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധികളെ ബാംഗ്ലുരിലെത്തിച്ചത്. സമ്മേളനവിജയത്തിനു വേണ്ടിയുള്ള മുല്ലപ്പള്ളിയുടെ പരിശ്രമങ്ങളെ രാജീവ് ഗാന്ധി ശ്ലാഘിക്കുകയുണ്ടായി.1984 ലെ കണ്ണൂരിലെ ലോക്‌സഭാ വിജയം 1989,1991,1996,1998 പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിച്ച മുല്ലപ്പള്ളി മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടത്തിനുടമയായി. കണ്ണൂര്‍ എം.പിയായിരിക്കെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കുന്നതിനെതിരെ 13 ദിവസത്തെ നിരാഹാരസമരമാണ് അദ്ദേഹം നടത്തിയത്. 1991ല്‍ പി.വി നരസിംഹ റാവു മന്ത്രിസഭയില്‍ കാര്‍ഷിക സഹകരണ വകുപ്പ് സഹമന്ത്രിയായിരുന്ന മുല്ലപ്പളളി ശ്രദ്ധേയപ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ആകാശവാണിയുടെ കണ്ണൂര്‍ നിലയം, ചോമ്പാല മാപ്പിള ബേ ഫിഷറി ഹാര്‍ബര്‍, കേരളത്തില്‍ എല്ലാ ജില്ലകളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, കണ്ണൂര്‍ ജില്ലയില്‍ 4 കേന്ദ്രിയ വിദ്യാലയങ്ങള്‍, കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ നിരവധി നേട്ടങ്ങളാണ് മുല്ലപ്പളളി നല്‍കിയത്. വാര്‍ത്താവിനിമയരംഗത്തും അത്ഭുതകരമായ മാറ്റങ്ങളാണ് കണ്ണൂരിലുണ്ടായത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒന്നര ലക്ഷത്തോളം വോട്ടിന്റെ ഭുരിപക്ഷമുണ്ടായിരുന്ന വടകരയില്‍ നിന്നും 2009 ല്‍ അന്‍പതിനായിരത്തിലേറെ വോട്ടിന് അട്ടിമറി വിജയം നേടി ലോക്‌സഭയിലെത്തിയ മുല്ലപ്പള്ളി ഡോ. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് സഹമന്ത്രിയായി. തുടര്‍ച്ചയായി 5 വര്‍ഷം ആ സുപ്രധാന പദവിയിലിരുന്ന മുല്ലപ്പള്ളി കേരളത്തിനു നല്‍കിയ നേട്ടങ്ങള്‍ എണ്ണിപ്പറയേണ്ടതാണ്. നാദാപുരത്തും തൃശൂരും ബി.എസ്.എഫിന്റെയും പേരാമ്പ്രയില്‍ സി.ആര്‍.പി.എഫിന്റെയും കേന്ദ്രങ്ങള്‍ സൈക്‌ളോണ്‍ ഷെല്‍റ്ററുകള്‍, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യുണിവേഴ്‌സിററിയുടെ മലബാര്‍ റീജിയണല്‍ സെന്റര്‍, പാസ്‌പോര്‍ട്ട് ഓഫീസ്, തലശ്ശേരിയില്‍ കേന്ദ്രീയ വിദ്യാലയം എന്നിങ്ങനെ കേരളത്തിനും മണ്ഡലത്തിനു പ്രത്യേകിച്ചും ലഭിച്ച നേട്ടങ്ങള്‍ നിരവധിയാണ്. ആഭ്യന്തരസഹമന്ത്രിയായിരിക്കെ പാകിസ്ഥാന്‍ പൗരത്വത്തിന്റെ പേരില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് പൗരത്വം അനുവദിക്കാന്‍ അനുകൂല നടപടിയെടുത്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ ശുഷ്‌കാന്തിയോടെയുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെത്. ഉത്തരാഖണ്ഡ് പ്രളയകാലത്തു എടുത്ത നടപടികള്‍ ഉദാഹരണം. വികസനത്തിന്റെ ഒരു പുതുയുഗം തന്നെയായിരുന്നു ഇക്കാലയളവ്. (തുടരും…..)

0Shares