കെ.ദേവയാനി അവാര്‍ഡ് അഴീക്കോടന്റെ ഭാര്യ കെ. മീനാക്ഷി ടീച്ചര്‍ക്ക് 

  • Post category:news
  • Reading time:1 min read
You are currently viewing കെ.ദേവയാനി അവാര്‍ഡ് അഴീക്കോടന്റെ ഭാര്യ കെ. മീനാക്ഷി ടീച്ചര്‍ക്ക് 

കണ്ണൂര്‍: കേരളത്തിലെ മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ സജീവ പ്രവര്‍ത്തകയും കരിവെള്ളൂര്‍ സമരനായകന്‍ എ.വി കുഞ്ഞമ്പുവിന്റെ പത്നിയുമായിരുന്ന കെ ദേവയാനിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് കെ. മീനാക്ഷിടീച്ചര്‍ക്ക്. അഴീക്കോടന്‍ രാഘവന്റെ പത്‌നിയാണിവര്‍. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. അഴീക്കോടന്റെ രാഷ്ട്രീയജീവിതത്തിനു താങ്ങും തണലുമായിരുന്ന മീനാക്ഷി ടീച്ചറുടെ ദാമ്പത്യം നീണ്ടുനിന്നത് കേവലം പതിനാറര വര്‍ഷം മാത്രമായിരുന്നു. അപരിഹാര്യമായ നഷ്ടത്തിനു മുന്നിലും ഒരിക്കലും പതറിപ്പോകാതെ ഉന്നതമായ രാഷ്ട്രീയബോധം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മീനാക്ഷിടീച്ചര്‍ അചഞ്ചലയായി ജീവിതത്തെ അഭിമുഖീകരിച്ചു. 2017 ലെ കെ.ദേവയാനി അവാര്‍ഡ്  കെ. മീനാക്ഷിടീച്ചര്‍ക്ക് നല്‍കുന്നതിലൂടെ ചരിത്രത്തിന്റെ പുറമ്പോക്കുകളില്‍ അടക്കം ചെയ്യപ്പെടുന്ന ധീര സ്ത്രീജീവിതങ്ങളെ മുഴുവന്‍ ആദരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി അറിയിച്ചു.പ്രൊഫ. ടി.എ .ഉഷാകുമാരി അദ്ധ്യക്ഷയും എന്‍. സുകന്യ, കരിവെള്ളൂര്‍ മുരളി എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. അവാര്‍ഡ് സമര്‍പ്പണ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കെ. ദേവയാനി മെമ്മോറിയല്‍ ട്രസ്റ്റിനു വേണ്ടി മാനേജിംഗ് ട്രസ്റ്റി കെ. വിജയകുമാര്‍ അറിയിച്ചു.

0Shares