
കോട്ടയം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായ എസ്.ഐ ഷിബുവിനെ വീണ്ടും സര്‍വീസില്‍ എടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. എസ്ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം അറിയിച്ച് കെവിന്‍റെ കുടുംബം ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

നേരത്തെ ഷിബുവിനെ തിരിച്ച് എടുക്കാനുള്ള നടപടി താന്‍ അറിഞ്ഞില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ഷിബുവിനെതിരെ അച്ചടക്ക നടപടി പിന്‍വലിച്ച് സര്‍വീസില്‍ തിരികെ എടുത്തുകൊണ്ട് എറണാകുളം റേഞ്ച് ഐജി ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ ജൂനിയര്‍ എസ്.ഐയായി തരംതാഴ്ത്തി തിരികെ എടുക്കാനായിരുന്നു തീരുമാനം. പിരിച്ചുവിടല്‍ നോട്ടിസിനെതിരെ ഷിബുവിന്‍റെ വിശദീകരണം പരിശോധിച്ചാണ് തീരുമാനമെടുത്തത്. ഷിബു കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ ആയിരിക്കെ ഒരു കൊല്ലം മുമ്പാണ് കെവിന്‍ കൊല്ലപ്പെട്ടത്.
