
ന്യൂഡൽഹി: ബലാത്സംഗക്കേസില്‍ റാം റഹീം സിങ് കുറ്റക്കാരനെന്ന കോടതി വിധിക്ക് പിന്നാലെ പൊട്ടിപുറപ്പെട്ട കലാപം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പടരുന്നു. ദില്ലിയില്‍ ഏഴിടത്ത് തീവെയ്പ്പുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ദില്ലി ആനന്ദ് വിഹാറില്‍ രേവ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകള്‍ തീവെച്ചു നശിപ്പിച്ചു. ഉത്തര്‍പ്രദേശ്-ദില്ലി അതിര്‍ത്തിയായ ഗാസിയാബാദില്‍ ദില്ലി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് അഗ്നിക്കിരയാക്കി.മംഗല്പൂരിലും വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറി. ദില്ലിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെയും അക്രമമുണ്ടായി. റാം റഹീം സിങിനെ അനുകൂലിക്കുന്ന നിരവധിപേരാണ് കോടതി വിധിയില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയിരിക്കുന്നത്.
അതേസമയം, ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് വിധിച്ച സി. ബി. ഐ ജഡ്ജിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രം ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സി. ബി. ഐ കോടതി ജഡ്ജി ജസ്റ്റിസ് ജഗദീപ് സിങ്ങിന് ഏറ്റവും ഉയര്‍ന്ന സുരക്ഷ ഒരുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ജഡ്ജിയുടെ സുരക്ഷ കേന്ദ്രസേനയായ സി. ആര്. പി. എഫിനെയോ സി. ഐ. എസ്. എഫിനേയോ ഏല്പിക്കണോ എന്ന കാര്യവും കേന്ദ്രം പരിശോധിച്ച് വരികയാണ്. കുറ്റക്കാരനാണെന്ന വിധി വന്നപ്പോള്‍ തന്നെ റഹീം ഭക്തര്‍ അഴിഞ്ഞാടുകയും കൊള്ളിവെപ്പും നടത്തിയത് കണക്കിലെടുത്താണ് ജഡ്ജിയുടെ സുരക്ഷ ഗൗരവമായി എടുത്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് ശിക്ഷ വിധിക്കുക.
റാം റഹീം സിങ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ ഹരിയാനയിലെ പഞ്ചകുലയിലാണ് ആദ്യം അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പഞ്ചകുലയില്‍ നിരവധി വാഹനങ്ങള്‍ കത്തിച്ച അക്രമികള്‍ മാധ്യമപ്രവര്‍ത്തകരെയും അക്രമിച്ചു. ഹരിയാനയില്‍ റെയില്‍വേ സ്റ്റേഷനുകളും പെട്രോള്‍ പമ്പുകളും അഗ്നിക്കിരയാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒരു ജനാധിപത്യരാജ്യത്ത് പീഡനക്കേസിൽ കുറ്റവാളിയെന്ന് അന്വേഷണ സംഘവും നീതിപീഠവും കണ്ടെത്തിയ വ്യക്തിക്ക് വേണ്ടി കലാപവും കൊലപാതകവും നടക്കുന്നു എങ്കിൽ കുഴപ്പം നിയമസംവിധാനത്തിന്റെയല്ല, മറിച്ചു, ജനങ്ങളുടെ ബോധത്തിന്റെയാണ്.
