കാസർകോട് സ്വദേശി ഡോൺ തസ്ലീമും അഫ്‌ഗാൻ കൂട്ടാളികളും മംഗലാപുരത്ത് അറസ്റ്റിൽ; അഫ്‌ഗാൻ സ്വദേശികൾ ഇന്ത്യയിലെത്തിയതും ബന്ധവും അന്വേഷിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് സ്വദേശി ഡോൺ തസ്ലീമും അഫ്‌ഗാൻ കൂട്ടാളികളും മംഗലാപുരത്ത് അറസ്റ്റിൽ;   അഫ്‌ഗാൻ സ്വദേശികൾ ഇന്ത്യയിലെത്തിയതും ബന്ധവും അന്വേഷിക്കുന്നു

മംഗളുരു: ദേശീയ അന്വേഷണ ഏജൻസിയുടെ നോട്ടപുള്ളികളിൽ ഒരാളും നിരവധി കേസുകളിൽ പ്രതിയുമായ മേൽപറമ്പ്, ചെമ്പരിക്കയിലെ മുഫ്ത്താസ് എന്ന ഡോൺ തസ്ലീമും അഫ്‌ഗാനിസ്ഥാൻ സ്വദേശികളായ രണ്ട് കൂട്ടാളികളും അറസ്റ്റിൽ. മംഗളുരു, കാർസ്ട്രീറ്റിലെ ഒരു ജ്വല്ലറിയിൽ നിന്നും മൂന്ന് കിലോ സ്വർണ്ണം കവർന്ന കേസിലാണ് ഇവരെ പിടികൂടിയത്.

തസ്ലിമിന്‍റെ കൂട്ടാളികളായ രണ്ട് അഫ്‌ഗാൻ സ്വദേശികൾ, ഒരു മലയാളി, മൈസൂർ സ്വദേശി എന്നിവരെ അന്വേഷിക്കുന്നു. ഇവരിൽ അഫ്‌ഗാനികൾ രക്ഷപെട്ടതായും മലയാളിയായ ആൾ വലയിലായതായും സൂചനയുണ്ട്. തസ്‌ലീമിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മുംബൈയിൽ നിന്ന് രണ്ടുകിലോയും ഡൽഹിയിൽ നിന്ന് 600 ഗ്രാം സ്വർണവും കണ്ടെടുത്തു.

മംഗളുരു സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് തസ്‌ലീമും സംഘവും കുടുങ്ങിയത്. മറ്റൊരു കേസിൽ അറസ്റ്റിലായി ജയിലിൽ ആയിരുന്ന തസ്‌ലീം കഴിഞ്ഞ മാസം ഒന്നിനാണ് പുറത്തിറങ്ങിയത്. അതിന് തൊട്ടുപിന്നാലെയാണ് ജ്വല്ലറി കവർച്ച കേസിൽ അറസ്റ്റിലാകുന്നത്. കേരള, കർണാടക സംസ്ഥാനങ്ങളിൽ വൻ ആക്രമണം നടത്താൻ രണ്ടുകോടി രൂപയുടെ കരാർ നേടിയ സംഭവത്തിൽ തസ്‌ലീമിനെ നേരത്തെ ഡൽഹി പോലീസും, ഐ.ബിയും ചട്ടഞ്ചാലിൽ എത്തി അറസ്റ്റ്‌ ചെയ്തിരുന്നു.

പോലീസ് തന്നെ പിന്തുടരുന്നത് അറിഞ്ഞതിനാൽ ഡൽഹിയിൽ നിന്നും മുങ്ങി ചട്ടഞ്ചാലിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇപ്പോൾ മറ്റൊരു കേസിൽ അറസ്റ്റിലായ ഡോൺ തസ്ലീമിനെ കുറിച്ചും, അഫ്‌ഗാൻ സ്വദേശികളെ കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. അഫ്‌ഗാനികൾ ഇന്ത്യയിലെത്തിയതും തസ്‌ലീമുമായി ബന്ധം സ്ഥാപിച്ചതും അന്വേഷിക്കുന്നുണ്ട്.

0Shares