കാസര്‍കോട്: ജില്ലയിലെ വെള്ളിച്ചെണ്ണ നിര്‍മാണ യൂനിറ്റുകളില്‍ മിക്കയെണ്ണത്തിലും വ്യാജ വെള്ളിച്ചെണ്ണ. രണ്ടുവര്‍ഷമായി പരക്കെ പരാതികളായിരുന്നു ജില്ലയിലുണ്ടായിരുന്നത്. എന്നാല്‍ കമ്മിഷ്ണറുടെ പ്രത്യേക നിര്‍ദേശം ലഭിച്ചതോടെ അനങ്ങാപ്പാറയായിരുന്ന കാസര്‍കോട്ടെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ചെങ്കള ബേര്‍ക്കയിലെ സ്വകാര്യ വെളിച്ചെണ്ണ ഗോഡൗണില്‍ ഭക്ഷ്യ സുരക്ഷാവിഭാഗം നടത്തിയ റെയ്ഡില്‍ 5,000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി. ഇതോടെ ജില്ലയിലെ വ്യാജ വെളിച്ചെണ്ണക്കുവേണ്ടിയുള്ള റെയ്ഡും നിലച്ചെന്ന ആരോപണം ശക്തമായി. ചെങ്കള ബേര്‍ക്കയിലെ സന ട്രേഡേഴ്സ് എന്ന സ്വകാര്യ ഗോഡൗണിലാണ് റെയ്ഡ് നടത്തിയത്. ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സി.എ ജനാര്ദ്ദനന്, ഫുഡ് സേഫ്റ്റി ഓഫീസര്‍ നിത്യ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നിരോധിച്ച ഗ്രാന്റ് കുറ്റ്യാടി 12 ലിറ്റര്‍ വെള്ളിച്ചെണ്ണ പിടികൂടി നശിപ്പിച്ചിരുന്നു. 80 ശതമാനം പാമോയിലും 20 ശതമാനം ബാക്കി വെളിച്ചെണ്ണയും ചേര്‍ത്താണ് വ്യാജ വെളിച്ചെണ്ണ വിപണി കയ്യടക്കുന്നത്. അതേസമയം കാസര്‍കോട് ജില്ലയില്‍ മാത്രമാണ് ഈ വെളിച്ചെണ്ണയുടെ വില്പന നടക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ സി.എ ജനാര്ദ്ദനന് ചാനല്‍ ആര്.ബിയോട് വ്യക്തമാക്കി.
ഈ വര്‍ഷം സംസ്ഥാനത്തെ 45 കമ്പനികളുടെ വെളിച്ചെണ്ണ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം.ജി രാജമാണിക്യം നിരോധിച്ചിരുന്നു. മായം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ കമ്പനികളുടെ വെളിച്ചെണ്ണ ഇനി സംസ്ഥാനത്ത് വിതരണം ചെയ്യാനാകില്ല. കേരമാത, കേരള നന്മ, വെണ്മ, കേര സമ്പൂര്‍ണം, കേര ചോയ്സ്, കേര നാളികേര, കേസരി, കേരം വാലി, കേര നട്സ്, കേരള രുചി, കോക്കനട്ട് ടേസ്റ്റി, കേരമിത്രം, കേര കൂള്‍, കേര കുക്ക്, കേര ഫൈന്‍, മലബാര്‍ കുറ്റ്യാടി, കെ.എം സ്പെഷല്‍, ഗ്രാന്റ് കോക്കേ, മലബാര്‍ ഡ്രോപ്സ്, കേര സുപ്രീം നാച്ചുറല്‍, കേരളീയനാട് കേര സ്പെഷല്‍, കേര പ്യുവര്‍, ഗോള്‍ഡ്, അഗ്രോ കോക്കനട്ട്, കുക്ക്സ് പ്രൈഡ്, എസ്.കെസ് ഡ്രോപ് ഓഫ് നാച്ചുറല്‍ ആയുഷ്, ശ്രീകീര്‍ത്തി, കെല്‍ഡ, കേരള്, വിസ്മയ, എ.എസ് കോക്കനട്ട്, പി.വി.എസ് തൃപ്തി പ്യുവര്‍, കാവേരി ബ്രാന്‍ഡ്, കൊക്കോ മേന്മ, അന്നപൂര്‍ണ നാടന്‍, കേര ടേസ്റ്റി, കേര വാലി, ഫേമസ്, ഹരിത ഗിരി, ഓറഞ്ച്, എന്‍.കെ ജനശ്രീ, കേര നൈസ്, മലബാര്‍ സുപ്രീം, ഗ്രാന്‍ഡ് കുറ്റ്യാടി, കേരള റിച്ച് എന്നീ ബ്രാന്റുകളാണ് നിരോധിച്ചത്.
കാസര്‍കോട് ജില്ലയില്‍ വ്യാജ വെള്ളിച്ചെണ്ണ നിര്‍മാണകേന്ദ്രങ്ങള്‍ വ്യാപകം; പരാതികള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം വെട്ടിലായി; തുടര്‍ന്ന് റെയ്ഡ് നടത്തിയത് ഒരുകേന്ദ്രത്തില്‍ മാത്രമെന്നാരോപണം