കാസര്‍കോട്: ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലില്‍ പരക്കെ സംഘര്‍ഷം ബന്തിയോട്ടും ബോവിക്കാനത്തും പോലീസ് ലാത്തി വീശി. ബന്തിയോട്ട് വാഹനം തടയുന്നതുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ അനുകൂലികളും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഘര്‍ഷത്തില്‍ രണ്ടു കാറുകളും രണ്ട് ഓട്ടോറിക്ഷകളും നാല് ബൈക്കുകളുമടക്കം നിരവധി വാഹനങ്ങള്‍ തകര്‍ത്തു.
അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ബന്തിയോട് ടൗണില്‍ ഒരു സംഘം വാഹനങ്ങള്‍ തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികളെ വിരട്ടിയോടിക്കുകയായിരുന്നു. അക്രമത്തില്‍ ബന്തിയോട് ഖദീജ സ്റ്റോര്‍ ഉടമ യൂസുഫ്, കസായി മൂസ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കടകളാണ് തകര്‍ക്കപ്പെട്ടത്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ബോവിക്കാനത്ത് ഹര്‍ത്താല്‍ അനുകൂലികളും ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. നീര്‍ച്ചാലിന് സമീപം കടമ്പളയില്‍ ഡി.വൈ.എഫ്.ഐ കടമ്പള യുണിറ്റ് ഓഫീസ് കരി ഓയല്‍ ഒഴിച്ച് വികൃതമാക്കി. പ്രദേശത്തെ ഹര്‍ത്താല്‍ അനുകൂലികളാണ് ഇതിന്റെ പിന്നിലെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം ആരോപിച്ചു. പുലര്‍ച്ച നാലുമണിക്കാണ് കരി ഓയല്‍ ഒഴിച്ചതെന്ന് പറയപ്പെടുന്നു.