കാസര്‍കോട്ടെ സോളാര്‍ വൈദ്യുതി പദ്ധതി പ്രതിസന്ധിയിലാകുന്നു; കാരണം സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളിലെ ഭരണസമിതികളുടെ എതിര്‍പ്പ്

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട്ടെ സോളാര്‍ വൈദ്യുതി പദ്ധതി പ്രതിസന്ധിയിലാകുന്നു; കാരണം സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളിലെ ഭരണസമിതികളുടെ എതിര്‍പ്പ്

കാസര്‍കോട്: സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളിലെ ഭരണസമിതികളുടെ എതിര്‍പ്പ് മൂലം സംസ്ഥാനത്തെ ഏറ്റവും വലിയ സൗരോര്‍ജവൈദ്യുത പദ്ധതി പ്രതിസന്ധിയിലേക്ക്. കാസര്‍കോട് ജില്ലയിലെ സി.പി.എം ഉരുക്കുകോട്ടകളായ കിനാനൂര്‍-കരിന്തളം, മടിക്കൈ പഞ്ചായത്തുകളിലെ പഞ്ചായത്തംഗങ്ങളുടെ എതിര്‍പ്പാണ് പദ്ധതിക്കു വിഘാതമായിരിക്കുന്നത്. ഇതോടെ ഡിസംബറിനകം നൂറു മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം കാണില്ലെന്നുറപ്പായി. പദ്ധതി വൈകുന്നതു സംബന്ധിച്ച് കേന്ദ്ര പുനരുപയോഗ ഊര്‍ജമന്ത്രാലയം സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞയാഴ്ച കത്തയച്ചിരുന്നു. കിനാനൂര്‍, മടിക്കൈ, അമ്പലത്തറ, പൈവെളിഗെ, മീഞ്ച വില്ലേജുകളില്‍ നിന്നായി നിന്നും സോളാര്‍ പാര്‍ക്ക് സ്ഥാപിച്ച് 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയാറാക്കിയത്. 2015 സപ്തംബറിലാണ് പദ്ധതിക്ക് അനുമതി ലഭിക്കുന്നത്. 2016 സപ്തംബറില്‍ പദ്ധതിക്കായുള്ള സ്ഥലം കെ.എസ്.ഇ.ബിക്ക് കൈമാറി. 2015 സെപ്റ്റംബറില്‍ അനുമതി ലഭിച്ച പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ അമ്പലത്തറ കാരാക്കോട് വെള്ളൂടയിലെ 250 ഏക്കര്‍ സ്ഥലത്ത് പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കെ.എസ്.ഇ.ബിയും സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി തുടങ്ങിയ ഈ സംരഭത്തില്‍ നിന്നും 35 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദനം നിലവില്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും 15 മെഗാവാട്ട് വൈദ്യുതി കൂടി ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും.എന്നാല്‍ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം വിപുലീകരിക്കാനുള്ള കമ്പനിയുടെ പ്രവര്‍ത്തനത്തിന് പ്രാദേശിക സി.പി.എം നേതൃത്വം തടസം നില്‍ക്കുകയാണ്. സര്‍ക്കാര്‍ അനുവദിച്ച 280 ഏക്കര്‍ ഭൂമിയില്‍ സോളാര്‍ പാര്‍ക്കിന് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മടിക്കൈ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയിലില്‍ 180 ഏക്കര്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കിനാനൂര്‍-34, കൊല്ലംപാറ-23, കരിന്തളം-11 ഹെക്ടര്‍ റവന്യുഭൂമി കെ.എസ്.ഇ.ബി ഏറ്റെടുത്ത് വേലികെട്ടി തിരിച്ചിട്ടുണ്ടെങ്കിലും ഇവിടെ പദ്ധതി തുടങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സി.പി.എം നേതൃതം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതി. പൊതുമരാമത്ത് വകുപ്പ് റോഡോടു ചേര്‍ന്നുള്ള ഈ സ്ഥലം പഞ്ചായത്തിന്റെ അടിസ്ഥാനവികസനത്തിന് ഉപയോഗപ്പെടുത്തണമെന്നാണ് കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാലയുടെ നിലപാട്. പോളിടെക്‌നിക്ക്, ഗവ.കോളജ്, സ്‌കൂള്‍, ആയുഷ് യോഗ സെന്റര്‍ എന്നിവയ്ക്കായി പഞ്ചായത്ത് നിര്‍ദേശിച്ച സ്ഥലമാണിതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിപ്രകാരം വികസനപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടി രൂപ വാഗ്ദാനം കമ്പനി ചെയ്‌തെങ്കിലും പഞ്ചായത്ത് ഇതു നിരസിക്കുകയായിരുന്നു. സോളാര്‍ കമ്പനി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ പറഞ്ഞു. പ്രാദേശികമായി ജോലി നല്‍കാമെന്നും റോഡ് നിര്‍മിച്ചുനല്‍കാമെന്നുമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് പദ്ധതിയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം മറുപടിയായി വ്യക്തമാക്കിയത്. പൈവെളിഗെയില്‍ സോളാര്‍ പദ്ധതിക്കുവേണ്ടി കണ്ടെത്തിയ 450 ഏക്കറില്‍ 50 ഏക്കര്‍ ഉപയോഗശൂന്യമാണ്. 25 ഏക്കറില്‍ പട്ടയമുണ്ട്. ഇവര്‍ നിലവില്‍ കേസ് കൊടുത്തിയിരിക്കുകയാണ്. കെ.എസ്.ഇ.ബി ഏറ്റെടുത്ത സ്ഥലം ഇതുവരെ പദ്ധതിക്കായി കൈമാറിയിട്ടില്ല. എന്തുവന്നാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു വൈദ്യുതമന്ത്രി എം.എം.മണി പറഞ്ഞു. പ്രാദേശികമായ എതിര്‍പ്പുകളാണ് പദ്ധതി വൈകാന്‍ കാരണമാകുന്നതെന്നും നാട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നിലയ്ക്കുമോയെന്ന ചോദ്യത്തിന് അതേക്കുറിച്ച് തനിക്കൊന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു റവന്യുമന്ത്രിയും സ്ഥലം എം.എല്‍.എയുമായ ഇ ചന്ദ്രശേഖരന്റെ മറുപടി. പദ്ധതിയോടുള്ള വിയോജിപ്പ് സംബന്ധിച്ച് നാട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതു മുഖ്യമന്ത്രിക്കും കെഎസ്ഇബിക്കു കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 90 മെഗാവാട്ട് സൗരോര്‍ജവൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. വൈദ്യുതോല്പാദനരംഗത്ത് സംസ്ഥാനത്തിനു കുതിച്ചുചാട്ടമുണ്ടാക്കാന്‍ കഴിയുന്ന ജില്ലയുടെ സ്വപ്നപദ്ധതിയാണ് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം പാതിവഴിയില്‍ നില്‍ക്കുന്നത്.

0Shares