കോഴിക്കോട്: കാസര്‍കോട്ടും കോഴിക്കോട്ടും അപ്രഖ്യാപിത ഹര്‍ത്താല്‍. മലബാറില്‍ പലയിടത്തും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മലപ്പുറത്ത് ഏഴുപേരെ കസ്റ്റഡിയിലെടുത്തു. ദേശീയപാതയിലൂടെയോടുന്ന കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങളുമടക്കം ആളുകള്‍ തടഞ്ഞു. കാസര്‍കോട് നഗരത്തിലെ മിക്കകടകളും തുറന്നു പ്രവര്‍ത്തിക്കുന്നില്ല. സ്വകാര്യ ബസുകള്‍ പലേടത്തും ഓടുന്നില്ല.
പലയിടത്തും പോലീസെത്തിയാണ് വാഹനം തടഞ്ഞവരെ വിരട്ടിയോടിക്കുന്നത്. കത്വ സംഭവത്തിന്റെ പേരില്‍ ഫേസ് ബുക്കില്‍ ആയിരുന്നു ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നത്. തിങ്കളാഴ്ച്ച ആരും ജോലിക്ക് പോകരുതെന്നും കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യവാഹനങ്ങളും തടയണമെന്നും ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു ഈ സന്ദേശം പ്രചരിച്ചിരുന്നത്. 24 മണിക്കൂര്‍ കേരളം നിശ്ചലമാകുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ഉറവിടം വ്യക്തമല്ലാത്ത ഈ സന്ദേശത്തിന്റെ പേരിലാണ് ഇപ്പോള്‍ പലയിടത്തും വാഹനങ്ങള്‍ തടയുന്നത്.
കോഴിക്കോട് ജില്ലയിലെതാമരശ്ശേരി, ബേപ്പൂര്‍, വടകര, കിണാശ്ശേരി, കടിയങ്ങാട്, തലയാട്, കാസര്‍കോട് വിദ്യാനഗര്‍, അണങ്കൂര്‍, ചൂരി, ബദിയടുക്ക എന്നിവിടങ്ങളിലും മലപ്പുറത്തെ വള്ളുവമ്പ്രം, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലുമാണ് വാഹനങ്ങള്‍ തടഞ്ഞത്. വണ്ടി തടയല്‍ വ്യാപകമായതിനെ തുടര്‍ന്ന് പലയിടത്തും പോലീസ് രംഗത്തിറങ്ങിയിരിക്കുകയാണ്. കോഴിക്കോട്ടെ പ്രധാന ജംഗ്ഷനുകളിലെല്ലാം പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
ഉപ്പള കുക്കാര്‍ ജനപ്രിയയില്‍ മംഗളൂരുവില്‍ നിന്നും കാസര്‍കേട്ടേക്ക് വരികയായി കെ.എസ്.ആര്‍.ടി.സി.ബസ് നാലംഗ സംഘം കല്ലെറിഞ്ഞ് തകര്‍ത്തു. തിങ്കളാഴ്ച ഹര്‍ത്താലാണെന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തിയ 25 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ പറഞ്ഞു.

കാസര്‍കോട്ടും കോഴിക്കോട്ടും അപ്രഖ്യാപിത ഹര്‍ത്താല്‍; പലേടത്തും ഗതാഗതം തടസപ്പെട്ടു