മംഗളൂരു: കാമുകനെ കെട്ടിയിട്ട ശേഷം യുവതിയെ ആറംഗ സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചില്‍ വെച്ചായിരുന്നു അക്രമം നടന്നത്. നവംബര്‍ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. ബണ്ട്വാള്‍ സ്വദേശിനിയാണ് ക്രൂര പീഡനത്തിന് ഇരയായത്. ബീച്ചിലെത്തിയ കമിതാക്കളെ ആറംഗ സംഘം തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ സംഘം സമീപത്തെ തൂണില്‍ കെട്ടിയിട്ടു. തുടര്‍ന്ന് കാമുകന്റെ മുന്നില്‍ വച്ച് ഓരോരുത്തരായി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. എന്നാല്‍ സംഭവ ശേഷം യുവതി പേടി കാരണം പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല.
എന്നാല്‍ ബീച്ചില്‍ കൂട്ടമാനഭംഗം നാട്ടില്‍ പാട്ടായിരുന്നു. ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ അന്വേഷണം നടത്തുകയുമായിരുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ച യുവതിയെ തിരിച്ചറിയുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പ്രതികളെ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് അക്രമിക്കപ്പെട്ട യുവതിയും യുവാവും.
കാമുകനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം ആറ് പേര്‍ അറസ്റ്റില്‍