
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് മൂന്ന് വർഷത്തിനിടയിൽ ആശ്വാസം ലഭിച്ചത് 3.7 ലക്ഷം പേർക്ക്. എൽ.ഡി.എഫ് സർക്കാർ ചുമതലയേറ്റശേഷം 1,294 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് നൽകിയത്. ഓഖി, പ്രളയ ദുരിതാശ്വാസ സഹായത്തിന് പുറമെയാണിത്. മുൻ സർക്കാർ അഞ്ചുവർഷം കോട്ടയം ജില്ലയിൽ ആകെ ചെലവഴിച്ചത് 68.49 കോടിരൂപ മാത്രമാണ്. എന്നാൽ, ഈ സർക്കാർ 145 കോടി രൂപയുടെ സഹായം നൽകി.

ദുരിതബാധിതരെ മണിക്കൂറുകളോളം ക്യൂവിൽ നിർത്താതെയും ഓഫീസുകൾ കയറിയിറക്കാതെയും ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് തുക വിതരണം ചെയ്തത്. അപേക്ഷ നൽകൽ മുതൽ തുക അനുവദിക്കുന്നത് വരെയുള്ള നടപടിക്രമങ്ങൾ ഓൺലൈനിലേക്ക് മാറ്റി. ഇതിലൂടെ കൂടുതൽ പേർക്ക് വേഗത്തിൽ തുക ലഭിക്കാനുള്ള സാഹചര്യവും ഒരുക്കി.
തുക ബാങ്ക് അക്കൗണ്ടിൽ കൃത്യമായി എത്തിച്ചു. അപേക്ഷിക്കാനുള്ള വരുമാന പരിധിയും അനുവദിക്കാവുന്ന തുകയുടെ പരിധിയും വർധിപ്പിച്ചത് നിരവധി പേർക്ക് ആശ്വാസമായി.
