കമല്‍ഹാസനെ യു.പി.എ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing കമല്‍ഹാസനെ യു.പി.എ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

ചെന്നൈ: കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തെ യു.പി.എ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. തമിഴ്നാടിന്റെ ഡി.എന്‍.എയ്ക്ക് കോട്ടം വരുത്താത്ത ഏത് പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് ശനിയാഴ്ച കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ക്ഷണം. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സഞ്ജയ് ദത്താണ് കമല്‍ഹാസനെ സഖ്യത്തിലേക്ക് ക്ഷണിച്ചത്. ഇരുപാര്‍ട്ടികളുടെയും ആശയങ്ങള്‍ സമാനമാണെന്നാണ് സഞ്ജയ്ദത്തിന്റെ അഭിപ്രായം.’കോണ്‍ഗ്രസിന്റെ പടയാളി എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് രാഹുല്‍ ഗാന്ധിയും എം.കെ.സ്റ്റാലിനും ജനാധിപത്യ മതേതരമുന്നണിക്ക് വേണ്ടിയാണ് പടനയിക്കുന്നത് എന്നാണ്.

കമല്‍ഹാസന്റെ പ്രസ്താവനകള്‍ തെളിയിക്കുന്നത് അദ്ദേഹം ഫാസിസത്തിനും സാമുദായിക ശക്തികള്‍ക്കും എതിരാണെന്നാണ്. മതേതര ജനാധിപത്യ ശക്തികള്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്.’ – സഞ്ജയ് ദത്ത് അഭിപ്രായപ്പെട്ടു.
ഡി.എം.കെയുമായുള്ള സഖ്യം ഉപേക്ഷിക്കുകയാണെങ്കില്‍ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് കമല്‍ഹാസന്‍ നേരെത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍, ഡി.എം.കെയുമായുള്ള ദീര്‍ഘകാലബന്ധം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയതോടെ കമല്‍ഹാസന്‍ പിന്മാറിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

0Shares