
കൊച്ചിയില്‍ ഫാഷന്‍ ഡിസൈനിംങ് പഠിക്കാനായി എത്തി. ഒന്നാന്തരം മയക്കുമരുന്നുകടത്തുകാരനായി മടക്കം. മയക്കുമരുന്ന് സ്വയം ഉപയോഗിച്ചായിരുന്നു തുടക്കം പിന്നീട് വില്‍പ്പനയിലേക്ക് തിരിഞ്ഞു. കേരളത്തില്‍ വലിയ വില ലഭിക്കുന്ന ലഹരി വസ്തുക്കള്‍ ബാംഗ്ലൂരിലുള്ള മലയാളി സുഹൃത്തുക്കള്‍ വഴി കൊച്ചിയിലെത്തിച്ചും,നേരിട്ടു കൊണ്ടുവന്നും ഇയാള്‍ വില്‍പ്പന നടത്തി.
വിവിധ തരത്തിലുള്ള മാരകമായ ലഹരി വസ്തുക്കളുമായി കണ്ണൂര്‍ സ്വദേശി സഫീറാ മന്‍സില്‍ ഷബീര്‍ പിടിയിലായതോടെയാണ് മയക്കുമരുന്നു റാക്കറ്റിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഷബീറില്‍ നിന്നും എംഎഡിഎംഎ, ഹാഷിഷ്, ഹാഷിഷ് ഓയില്‍, എക്‌സറ്റസി, നൈട്രോസെന്‍ ഗുളികകള്‍, കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. വില്‍പ്പന നടത്തുന്നതിനിടെ കൊച്ചി സിറ്റി ഷാഡോയും, തൃക്കാക്കര പോലിസും ചേര്‍ന്നാണ് പിടികൂടിയത്.

വ്യവസായ മേഖലയിലെയും, ഉന്നത വിദ്യാഭ്യാസ മേഖലയിലെയും യുവാക്കള്‍ക്കാണ് ഇവ രഹസ്യമായി വില്‍പ്പന നടത്തുന്നത്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഓണാഘോഷങ്ങളോടനുബന്ധിച്ച് ഗഞ്ചാവും മയക്കുമരുന്നുകളും കൂടുതലായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നതായുള്ള വിവരത്തില്‍ കൊച്ചി സിറ്റി പോലിസ് ഡപ്യൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നിര്‍ദ്ദേശപ്രകാരം ശക്തമായ പരിശോധനകള്‍ നടന്നുവരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും രഹസ്യ താവളങ്ങളുണ്ടാക്കി ക്രിമിനല്‍ സ്വഭാവമുള്ള ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് വില്പനക്കാരെ തടയുന്നതിനും, യുവാക്കളെയും, വിദ്യാര്‍ത്ഥികളെയും രക്ഷിക്കുന്നതിനും വേണ്ടി, ഇങ്ങനെയുള്ള ആളുകളെ കുറിച്ച് വിവരം ലഭിച്ചാല്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കുക. അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
