കണ്ണൂര്‍: കണ്ണൂരില്‍ പരസ്യമായി കന്നുകുട്ടിയെ അറുത്ത് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ദേശീയ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു. റിജില്‍ മാക്കുറ്റിയടക്കം മൂന്നു പേര്‍ക്കെതിരേയാണ് നടപടിയെടുത്തത്. റിജില്‍ മാക്കുറ്റിയെ കൂടാതെ ജോസി കണ്ടത്തില്‍, സറഫുദ്ദിന്‍ എന്നിവര്‍ക്കെതിരേയാണ് നടപടി. മാടിനെ അറുത്ത് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്നത് കിരാതവും അംഗീകരിക്കാന്‍ കഴിയാത്തതുമായ പ്രവര്‍ത്തിയായിരുന്നെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതു നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ തായത്തെരു ടൗണിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കശാപ്പ് സമരം നടന്നത്.

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭ കമ്മിറ്റിയുടെ നേതൃത്വത്തില്‍, സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ പൊതുസ്ഥലത്ത് വെച്ചായിരുന്നു ഒന്നര വയസ് മാത്രം പ്രായമുളള മാടിനെ പരസ്യമായി അറുത്തത്. മാടിനെ അറുത്തശേഷം മാംസം വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ പൊതുസ്ഥലത്ത് മാടിനെ പരസ്യമായി അറുത്തതിന് 120 എ വകുപ്പ് ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവമോര്‍ച്ചയുടെ പരാതിപ്രകാരം കണ്ണൂര്‍ സിറ്റി പോലീസാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. നിലവിലെ നിയമപ്രകാരം അംഗീകൃത കശാപ്പുശാലകളില്‍വച്ച് മാത്രമേ മാടുകളെ അറുക്കാന്‍ പാടുള്ളൂ. ലൈസന്‍സുള്ളവര്‍ക്കു മാത്രമേ വില്‍പ്പന നടത്താനുമാകൂ. ഇതുരണ്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലംഘിച്ചു. ഇതാണ് കേസിനാധാരം.