
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും കടല്‍ക്ഷോഭവത്തിലും കടലില്‍ കാണാതായ 20 ഓളം ബോട്ടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കടല്‍ക്ഷോഭം തുടരുന്നതിനിടെ ജീവനുവേണ്ടി മല്ലടിച്ച് കടലില്‍ കണ്ടെത്തിയ ഒരാളെ പിന്നീട് കണാതായി. സെന്റ് ആന്‍ഡ്രൂസ് കടല്‍ തീരത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഇദ്ദേഹം അകപ്പെട്ടിരിക്കുന്നത്. കരയ്ക്കടിഞ്ഞ വള്ളത്തിലെ ജീവനക്കാരില്‍ ഒരാളാണ് കടലില്‍ കുടുങ്ങിയത്. രാവിലെ ആറു മണിയോടെയാണ് ഒരാള്‍ കടലില്‍ കുടുങ്ങിയതായി പ്രദേശവാസികള്‍ കണ്ടെത്തിയത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തീരത്തുള്ളവര്‍ക്ക് അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചിട്ടില്ല. അധികൃതരെ വിവരമറിയിച്ചിട്ടും രക്ഷാപ്രവര്‍ത്തനത്തിന് ആരുമെത്തിയിട്ടില്ല.

150 ഓളം വള്ളങ്ങളിലും ബോട്ടുകളിലുമായി 275ഓളം മത്‌സ്യത്തൊഴിലാളികളാണ് കടലില്‍ കുടുങ്ങിയിരിക്കുന്നത്. ഇന്ധനം തീര്‍ന്ന് പോയത് മൂലമാണ് പലര്‍ക്കും തിരികെയെത്താന്‍ കഴിയാത്തതെന്നാണ് കരുതുന്നത്. മഴയും കാറ്റും മൂലം ഇന്നലെ രാത്രി വൈകി രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. രാവിലെയാണ് രക്ഷാപ്രവര്‍ത്തനം വീണ്ടും ആരംഭിച്ചത്. അതെസമയം വ്യോമസേനയുടെ നിരീക്ഷണ ഹെലികോപ്റ്ററുകളാണ് അറബിക്കടലില്‍ ബോട്ടുകള്‍ കണ്ടെത്തിയത്. കേസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകള്‍ ഇവിടേക്ക് തിരിച്ചിട്ടുണ്ട്.
അതിനിടെ, കടലില്‍ കുടങ്ങിയ 33 മത്‌സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയതായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 70ഓളം പേരുമായി രക്ഷാപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരെ കരക്കെത്തിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
