
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഗുണ്ടാ വിളയാട്ടമുണ്ടായതിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുമ്പോള്‍ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ദില്ലി പോലീസ്. ജനുവരി നാലിന് ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സർവകലാശാല നൽകിയ പരാതിയില്‍ ഐഷി ഉൾപ്പെടെ 19 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തടസപ്പെടുത്തിയെന്നും സെര്യൂരിട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നുമാണ് എഫ്ഐആര്‍.
ഞായറാഴ്ച രാത്രി ജെ.എന്‍.യുവില്‍ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ക്രൂരമായി തല്ലിചതച്ചിരുന്നു.ഇതിനെതിരെ ദില്ലി പോലീസിനെതിരെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂണിയന്‍ പ്രസിഡന്‍റും അക്രമത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഐഷിക്കെതിരെ കേസെടുത്ത വാര്‍ത്ത പുറത്ത് വരുന്നത്.

അതേസമയം, ജെഎന്‍യുവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി ഐഷി ഘോഷ് രംഗത്ത് വന്നിരുന്നു. പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്‍വാങ്ങില്ലെന്ന് ഐഷി പറഞ്ഞു. സുരക്ഷിതയാണെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഐഷി ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘എല്ലാവര്‍ക്കും നന്ദി, ഞാന്‍ തിരിച്ചെത്തി, സുരക്ഷിതയാണ്. തയ്യാറാണ്. ഒരിഞ്ചു പോലും പിന്നോട്ടില്ല’- ഐഷി കുറിച്ചു.കഴിഞ്ഞ ദിവസം നടന്നത് ആസൂത്രിത അക്രമമെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാര്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്തുവെന്നും ഐഷി ആരോപിച്ചു.
30ഓളം പേര്‍ വളഞ്ഞുവച്ചാണ് തന്നെ ഇരുമ്പ് വടികള്‍കൊണ്ട് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥികളെ ഒറ്റപ്പെടുത്തിയശേഷമാണ് അക്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടാനോ അക്രമികളെ തടയാനോ ശ്രമിച്ചില്ല. പലതവണ തനിക്ക് വടികൊണ്ടുള്ള അടിയേറ്റു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉപയോഗിച്ച ഓരോ ഇരുമ്പ് വടിക്കും ചര്‍ച്ചയിലൂടെയും സംവാദത്തിലൂടെയും മറുപടി നല്‍കും. ജെ.എന്‍.യുവിന്‍റെ സംസ്‌കാരം നഷ്ടപ്പെടില്ല. ജനാധിപത്യ സംസ്‌കാരം ജെ.എന്‍.യു ഉയര്‍ത്തിപ്പിടിക്കുമെന്നും അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഐഷി മാധ്യമങ്ങളോട് പറഞ്ഞു.
പരിക്കേറ്റ വിദ്യാര്‍ഥികളെയും അധ്യാപകരെയും സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാത്ത വൈസ് ചാന്‍സ്‌ലര്‍ ജഗദേഷ് കുമാര്‍ രാജിവെക്കണം. ആര്‍എസ്എസ് അനുഭാവികളായ ചില അധ്യാപകര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായ ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്‌ക്കെതിരായ സമരം പൊളിക്കുന്നതിനുവേണ്ടി അക്രമം പ്രോത്സാഹിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും അവര്‍ ആരോപിച്ചു.
