നിക്ഷേപമായി സ്വീകരിച്ചത് നാനൂറുകോടി; തട്ടിപ്പിൽ വീണത് 5700 പേര്‍; കാസർകോട്ടെ നിക്ഷേപത്തട്ടിപ്പിൽ ജിബിജി ചെയര്‍മാനും ഡയറക്ടറും പിടിയില്‍

You are currently viewing നിക്ഷേപമായി സ്വീകരിച്ചത് നാനൂറുകോടി; തട്ടിപ്പിൽ വീണത് 5700 പേര്‍; കാസർകോട്ടെ നിക്ഷേപത്തട്ടിപ്പിൽ ജിബിജി ചെയര്‍മാനും ഡയറക്ടറും പിടിയില്‍

400 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ കാസര്‍കോട്ടെ ജിബിജി നിധി സ്ഥാപന ഉടമ വിനോദ് കുമാറും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പെരിയ സ്വദേശി ഗംഗാധരനും അറസ്റ്റിലായി. ബേഡകം പൊലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

വിനോദിനെതിരെ 18 കേസുകളുണ്ട്. കമ്പനിയിലെ മൂന്ന് ജീവനക്കാരും കസ്റ്റഡിയിലുണ്ട്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് പത്തു മാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശയാണ് ജിബിജി നിധി വാഗ്ദാനം ചെയ്തിരുന്നത്. 2020 നവംബറിൽ ആരംഭിച്ച സ്ഥാപനം ആദ്യ കാലങ്ങളിൽ വാഗ്ദാനം ചെയ്ത പലിശ കൃത്യമായി നല്‍‌കിയതോടെ കൂടുതല്‍ പേര്‍ ഇതില്‍ ആകൃഷ്ടരായി.

മാസങ്ങളായി പലിശയോ നിക്ഷേപിച്ച തുകയോ തിരികെ കിട്ടാതെ വന്നതോടെയാണ് പലരും പരാതിയുമായി രംഗത്തെത്തിയത്. 5700 പേരെങ്കിലും തട്ടിപ്പിനിരയായെന്നാണ് പൊലീസിൻ്റെ നിഗമനം.
ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് പത്തുമാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശ നല്‍കാമെന്നറിയിച്ച് ജിബിജി നിധിയെന്ന സ്ഥാപനമാണ് വെട്ടിപ്പ് നടത്തിയത്.

വാഗ്‌ദാനം വിശ്വസിച്ച് നിരവധിപ്പേർ പലപ്പോഴായി തുക നിക്ഷേപിച്ചുവെങ്കിലും പലിശയോ മുതലോ തിരികെ കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പണത്തിനായി നിക്ഷേപകർ സ്ഥാപനത്തെ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയുമുണ്ടായെന്ന് ഇവർ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവരുന്നത്. 5700 നിക്ഷേപകർ തട്ടിപ്പിനിരയായതായാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. എന്നാല്‍ പതിനെട്ടുപേർ മാത്രമാണ് പരാതി നൽകിയിട്ടുള്ളത്.

കാസര്‍കോട് കുണ്ടംകുഴി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിബിജി നിധിയെന്ന സ്ഥാപനം കോടികള്‍ തട്ടിയെടുത്തതായാണ് നിക്ഷേപകരുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാപന ഉടമ വിനോദ് കുമാറിനെതിരെ ബേഡകം പൊലീസ് കേസെടുത്തിട്ടുണ്ട്. കാസർകോടിന് പുറമെ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവരും ഇവിടെ നിക്ഷേപകരായുണ്ട്. ഇവരില്‍ നിന്നായി നാനൂറ് കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.കമ്പനി ഉടമ വിനോദ് കുമാർ ഇതിനുമുമ്പും സാമ്പത്തിക ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിട്ടിട്ടുണ്ട്.

0Shares