“എൻ്റെ ദൈവങ്ങളേ..!” പലകുറി വിളിച്ചാലും എത്താത്ത ദൈവങ്ങളേ… കണ്ടില്ലെ, നിങ്ങക്ക് കടലോളം തെയ്‌വങ്ങളെ… ജീവൻ തുടിക്കുന്ന ദൈവരൂപങ്ങളുണ്ടാക്കി യുവാവ് ശ്രദ്ധേയനാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing “എൻ്റെ ദൈവങ്ങളേ..!” പലകുറി വിളിച്ചാലും എത്താത്ത ദൈവങ്ങളേ… കണ്ടില്ലെ, നിങ്ങക്ക് കടലോളം തെയ്‌വങ്ങളെ… ജീവൻ തുടിക്കുന്ന ദൈവരൂപങ്ങളുണ്ടാക്കി യുവാവ് ശ്രദ്ധേയനാകുന്നു

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: “എൻ്റെ ദൈവങ്ങളേ..!” പലകുറി വിളിച്ചാലും എത്താത്ത ദൈവീകതയ്ക്ക്, തൻ്റെ കൈവിരൽ സ്പർശത്താൽ ജീവൻ തുടിക്കുന്ന ദൈവരൂപങ്ങളുണ്ടാക്കി സായൂജ്യം തേടുന്ന യുവാവ് ശ്രദ്ധേയനാകുന്നു. സാമൂഹിക ജീവിതചിത്രത്തിലേയ്ക്ക് ഒതുങ്ങിക്കൂടുന്ന വലിയ ലോകത്തിൽ, വിരലുകളുടെ കരവിരുതിൽ പാഴ്‌വസ്തുക്കളിൽ വര്‍ണ്ണങ്ങൾ ചാലിച്ച് വരച്ചുകൂട്ടിയ ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങൾ പുനരാവിഷ്കരിക്കുകയാണ്, അഥവാ.. പുനര്‍ജ്ജനിപ്പിക്കുകയാണ് വട്ടംതട്ട, ഉണുപ്പംകല്ല് സ്വദേശിയായ ഉദയകുമാർ. പ്രശസ്തിക്കും അംഗീകാരത്തിനും ഇടം ലഭിക്കാതെ അകറ്റിനിർത്തപ്പെട്ട കലാകാരന്മാരുടെ കൂട്ടത്തിൽ, തൻ്റെ സർഗസൃഷ്ടിക്കായി ഈ ഇരുപത്തെട്ടുകാരനും നിറക്കൂട്ടുകൾ തേടുകയാണ്. .


അഹങ്കാരമില്ലാതെ അകക്കണ്ണിന് മുന്നിലൊന്നു നിൽക്കണം; അകമെങ്കിലും നമ്മെ ശരിക്കൊന്നു കാണുവാൻ… എന്ന തെയ്യങ്ങളുടെ വാക്കുരിയാടൽ പോലെ ഉദയകുമാറിൻ്റെ കണ്ണിലെ കലാവെളിച്ചം കലാസംസ്കാരത്തിന് അനിവാര്യമാകുന്നകാലം അകലെയാകില്ലെന്നാണ് നാട്ടുകാരും വിശ്വസിക്കുന്നത്. നന്നായി ചിത്രങ്ങൾ വരയ്ക്കുന്ന ഉദയകുമാറിന് പഠനത്തിൽ അധികം ഉയരങ്ങളിലെത്താനോ നല്ലജോലി നേടിയെടുക്കാനോ കഴിഞ്ഞിട്ടില്ല. പെയിന്റിംഗ് ജോലിയിലൂടെയാണ് ഉപജീവനം തേടുന്നത്. എൽ.പി സ്കൂൾ കുണ്ടൂച്ചി, യു.പി സ്കൂൾ കാനത്തൂർ, ജി.വി.എച്ച്.എസ് സ്കൂൾ ഇരിയണ്ണി എന്നിവിടങ്ങളിലാണ് പ്രാഥമികപഠനം. ഉള്ളിലുള്ള കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് വലിയ ചിത്രകാരനും ശില്പിയും ആകാനായില്ലെങ്കിലും ചെറിയ ചെലവിൽ പാഴ്വസ്തുക്കളാൽ വർണ്ണം തുടിക്കുന്ന തെയ്യക്കോലങ്ങൾ നിർമ്മിച്ച് നാട്ടിലെ കലാസ്വാദകർക്ക് വേണ്ടി പ്രദർശനമൊരുക്കുന്നതിന് സഹായിക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ഉദയൻ.

നാട്ടിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് തന്റേതായ പ്രവർത്തനം നടത്താൻ ഏറെ തല്പരനായ ഉദയൻ എന്നും കൂടെയുണ്ടാകാറുണ്ടെന്ന്‌ നാട്ടുകാർ. എരിഞ്ഞിപ്പുഴ റെഡ്സ്സ്റ്റാർ ക്ലബ്ബിൻ്റെ പ്രവർത്തകനാണ്. ബാലകൃഷ്ണൻ-ശാരദ ദമ്പതികളുടെ മകനാണ് ഉദയൻ. ചെർക്കള സൈനബ കോളേജിൽ ബി.എഡ് വിദ്യാർത്ഥിനി സനിത സഹോദരിയാണ്. ചിലതുണ്ട്; ഒരു ജന്മസുകൃതം പോലെ ഉയിരിൽ വന്നണയുന്ന കലാരൂപങ്ങൾ… തെയ്യങ്ങളുടെ പുരാവൃത്തങ്ങൾപോലെ… വിളിച്ചുവാഴ്ത്തും തെയ്‌വങ്ങളേ… കണ്ടില്ലെ, നിങ്ങക്ക് കടലോളം തെയ്‌വങ്ങളേ…!

0Shares