എന്‍. ഡി ടി. വിയും സംഘപരിവാര്‍ പക്ഷത്തേക്ക്? ചാനല്‍ ബി. ജെ. പിയുമായി ബന്ധമുള്ള സ്‌പൈസ് ജെറ്റ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു

  • Post category:news
  • Reading time:1 min read
You are currently viewing എന്‍. ഡി ടി. വിയും സംഘപരിവാര്‍ പക്ഷത്തേക്ക്? ചാനല്‍ ബി. ജെ. പിയുമായി ബന്ധമുള്ള സ്‌പൈസ് ജെറ്റ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഐ. സി. ഐ. സിഐ ബാങ്കിന് 48 കോടിയുടെ നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട് എന്‍. ഡി ടി. വി ഉടമകളായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ സി. ബി. ഐ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനലായ എന്‍ടി ടിവിയെ സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ്ങ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എന്‍. ഡി. ടി. വി ടീം കാണിച്ച സ്വതന്ത്രവും ധീരതയും ഭരണകക്ഷിയിലെ ചില നേതാക്കള്‍ക്ക് ദഹിച്ചിട്ടില്ലെന്നും അതിന്റെ അനന്തരഫലമാണ് കേസും റെയ്ഡുമെന്നായിരുന്നു ചാനല്‍ നല്‍കിയിരുന്ന വിശദീകരണം.

ഇപ്പോഴുള്ള കരാറനുസരിച്ച് എഡിറ്റോറിയല്‍ അവകാശങ്ങളുള്‍പ്പെടെ 40 ശതമാനം ഓഹരികളാണ് അജയ് സിങ്ങിന് ലഭിക്കുക. പ്രണോയും രാധികയും 20 ശതമാനം ഓഹരികള്‍ നിലനിര്‍ത്തും. 600 കോടി രൂപയ്ക്കാണ് അജയ് സിങ്ങുമായുള്ള ഇടപാടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും ഇത്തരമൊരു നീക്കം നടക്കുന്നില്ലെന്നുമാണ് സ്‌പൈസ് ജറ്റ് അധികൃതര്‍ വിശദീകരിച്ചത്. എന്‍. ഡി.  ടി. വി ഈ വാര്‍ത്തയോട് പ്രതികരിച്ചില്ലെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി. ജെ. പിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അജയ് സിങ്ങ്കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ആപ്കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന ബി. ജെ. പിയുടെ പരസ്യ പ്രചാരണത്തിന് ചുക്കാന്‍ പിടിചിരുന്ന വ്യക്തിയാണ്. ആദ്യ എന്‍. ഡി. എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായിരുന്നു അജയ് സിങ്ങ്. ദേശീയ തലത്തില്‍ മാധ്യമങ്ങളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണോ ഈ കച്ചവടവും എന്ന് രാജ്യത്തെ മാധ്യമലോകം ആകാംക്ഷയോടെ വീക്ഷിക്കുകയാണ്.

0Shares