ഉദുമല്‍പേട്ടയിലെ ദുരഭിമാനക്കൊല വെള്ളിത്തിരയിലേക്ക്; മാറാത സമൂഹം എന്ന ചിത്രം പങ്കജ് എസ് ബാലാജി സംവിധാനം ചെയ്യും

  • Post category:news
  • Reading time:1 min read
You are currently viewing ഉദുമല്‍പേട്ടയിലെ ദുരഭിമാനക്കൊല വെള്ളിത്തിരയിലേക്ക്; മാറാത സമൂഹം എന്ന ചിത്രം പങ്കജ് എസ് ബാലാജി സംവിധാനം ചെയ്യും

ചെന്നൈ: ഉദുമല്‍പേട്ടയിലെ ദലിത് യുവാവ് ഷങ്കറിന്‍റെ   കൊലപാതകം വെള്ളിത്തിരയിലേക്ക്. മാറാത സമൂഹം എന്ന ചിത്രത്തില്‍ ഖാദര്‍, ദിലിജ എന്നീ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. നമോ നാരായണ, ഡെല്‍ഹി ഗണേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പങ്കജ് എസ് ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം എന്‍ മണികണ്ഠനാണ് നിര്‍മ്മിക്കുന്നത്. തേവര്‍ സമുദായത്തില്‍പ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് യുവാവായ ദിണ്ഡിഗല്‍ സ്വദേശി ശങ്കറിനെ മാര്‍ച്ച് 13 നാണു ഉദുമല്‍പേട്ട നഗരമധ്യത്തില്‍വച്ചു ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടിദുരൈ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു ദലിത് വിഭാഗത്തില്‍ പെട്ട യുവാവിനെ രഹസ്യമായി വിവാഹം ചെയ്തതാണു കൊലപാതകത്തില്‍ കലാശിച്ചത്. കൗസല്യയുടെ മാതാപിതാക്കള്‍ വിവാഹം നടന്നത് അറിഞ്ഞ ഉടന്‍തന്നെ കൗസല്യയുടെ വിദ്യാഭ്യാസം അവസാനിപ്പിച്ചു വീട്ടില്‍ തിരികെയെത്തിച്ചു. എന്നാല്‍ ഒരു മാസത്തിനു ശേഷം ശങ്കറിന്റെ വീട്ടിലേക്കു കൗസല്യ എത്തി. ഇതേത്തുടര്‍ന്നു ശങ്കറിനോടൊപ്പം താമസിക്കാന്‍ ശങ്കറിന്റെ വീട്ടുകാര്‍ കൗസല്യയെ അനുവദിച്ചു. ഇതു കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങളെയും പ്രകോപിതരാക്കി. തുടര്‍ന്നുണ്ടായദുരഭിമാന പ്രശ്നമാണ് അതിദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചത്. കേസില്‍ പെണ്‍കുട്ടിയുടെ പിതാവുള്‍പ്പടെ ആറ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. കൊലയാളി സംഘത്തിലെ പ്രധാനി ജഗദീഷുമടക്കമുള്ളവര്‍ക്കാണ് വധശിക്ഷ. ഒരാള്‍ക്ക് ഇരട്ടജീവപര്യന്തവും മറ്റൊരാള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു. യുവതിയുടെ അമ്മയും അമ്മാവനും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെ വിട്ടു. തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതിയായിരുന്നു ശിക്ഷ വിധിച്ചത്.

0Shares