
മഹാപ്രളയത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് അസം. ജീവന്‍ കൈയില്‍പ്പിടിച്ച് ഓടേണ്ട സാഹചര്യത്തില്‍പ്പോലും അസംകാര്‍ ആദ്യം തിരയുന്നത് ചില കടലാസ് കഷണങ്ങളാണ്. അവരുടെ ജീവനോളം തന്നെ വിലയുണ്ട് ആ കടലാസുകള്‍ക്ക്. ദേശീയ പൗരത്വ രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതിനുള്ള രേഖകളാണ് ഈ കടലാസുകള്‍. അതില്ലെങ്കില്‍ സംസ്ഥാനത്തിനു പുറത്താകും അവരുടെ പിന്നീടുള്ള സ്ഥാനം.
പ്രളയത്തില്‍ അസമില്‍ 11 പേരാണ് ഇന്നലെ മാത്രം മരിച്ചത്. സംസ്ഥാനത്താകെ മരണം 47 ആണ്. കൂടാതെ 1.79 ഹെക്ടര്‍ കൃഷിഭൂമിയാണു നശിച്ചത്. കാശിരംഗ ദേശീയോദ്യാനത്തിന്‍റെ 90 ശതമാനവും വെള്ളത്തിനടിയിലാണ്. പ്രളയത്തില്‍ വീടുകള്‍ വെള്ളത്തിലായവരുടെ രേഖകള്‍ നശിച്ചുപോകാന്‍ സാധ്യതയുണ്ട്. 2018 ജനുവരി ഒന്നിനായിരുന്നു പൗരത്വ പട്ടികയുടെ ആദ്യ കരട് പ്രസിദ്ധീകരിച്ചത്. 3.29 കോടി അപേക്ഷാര്‍ത്ഥികളില്‍ 1.9 കോടി പേര്‍ പട്ടികയ്ക്ക് പുറത്തായിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

പ്രതിഷേധം കനത്തതോടെ പൗരത്വം തെളിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിച്ചിരുന്നു. പക്ഷേ രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യലക്ഷ്യങ്ങളില്‍ ഒന്നുതന്നെ ഇതാണെന്നു സൂചിപ്പിക്കുന്ന നീക്കങ്ങളാണു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഇന്ത്യയെ ലോകത്തിന്‍റെ അഭയാര്‍ത്ഥി തലസ്ഥാനമായി മാറ്റാനാകില്ലെന്ന് അസമിലെ പൗരത്വപ്പട്ടികയെ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൗരത്വ രജിസ്റ്റര്‍ പട്ടിക തയ്യാറാക്കുന്നതില്‍ ക്രമക്കേട് നടത്തി. അതിനാല്‍ അന്തിമ കരട് പട്ടിക വീണ്ടും പരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അതേസമയം, അന്തിമ പട്ടിക പുറത്തിറക്കാനുള്ള അവസാന തീയ്യതി മാറ്റുന്ന കാര്യം വരുന്ന ചൊവ്വാഴ്ച പരിശോധിക്കാമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. മറ്റ് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി പരിശോധിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. അനധികൃത കുടിയേറ്റം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ വഴി കുടിയേറ്റക്കാരെ കണ്ടെത്തുമെന്നും അതിര്‍ത്തിയില്‍ നിരീക്ഷണവും സുരക്ഷയും ശക്തമാക്കി കുടിയേറ്റം തടയുമെന്നും രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോഴുള്ള നയപ്രഖ്യാപനപ്രസംഗത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വ്യക്തമാക്കിയിരുന്നു.
