
കാഞ്ഞങ്ങാട്/ കാസർകോട്: കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോയായ ‘നീം ജി’ കാഞ്ഞങ്ങാട്ടെ നിരത്തിലിറങ്ങി. കേരളത്തിൽ നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങിയ പത്ത് ഓട്ടോകളിലൊന്നാണ് കാഞ്ഞങ്ങാട് നഗരത്തിലെത്തിയത്. പുതുമയേറിയ ഓട്ടോറിക്ഷ ആദ്യമായി കണ്ട കൗതുകത്തിലാണ് യാത്രക്കാരും മോട്ടോർ തൊഴിലാളികളും.

ഇത്തരത്തിലുള്ള ആധുനിക പുത്തൻ ഓട്ടോകൾ തിരുവനന്തപുരം എം.എൽ.എ ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിയമസഭയിലേക്കാണ് കഴിഞ്ഞ ദിവസം ആദ്യ സര്‍വീസ് നടത്തിയത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തിരുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് ഇ-ഓട്ടോ നിര്‍മിച്ച് നിരത്തിലിറക്കിയത്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടിയത്. പൂർണമായും വൈദ്യുതിയിൽ ഓടിക്കാവുന്നതും സർവീസ് നടത്തുമ്പോൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്തതുമാണ് ഇ-ഓട്ടോയുടെ പ്രധാന പ്രത്യേകതകൾ.
