തിരുവനന്തപുരം: കുറേനാളത്തെ പോരാട്ടങ്ങൾക്ക് ശേഷമാണ് സ്ത്രീത്തൊഴിലാളികൾക്ക് ഇരുന്ന് ജോലിചെയ്യാനുള്ള നിയമനിർമ്മാണം നടപ്പിലാക്കിയത്. ഈ നിയമവ്യവസ്ഥയിൽ പറയുന്ന സൗകര്യങ്ങള്‍ സ്ഥാപനങ്ങളിൽ ഉറപ്പ് വരുത്തിയിട്ടുണ്ടോയെന്ന് തൊഴിൽ മന്ത്രി ടി.പി രാമകൃഷ‌്ണൻ ഉദ്യോഗസ്ഥരോട് ചോദിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നും പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. ഇതോടെ തൊഴിൽ വകുപ്പ് ജീവനക്കാർ മിന്നല്‍പരിശോധന നടത്തി.121 സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തി. എന്നാൽ 237 സ്ഥാപനങ്ങളിൽ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ടെന്നും ഉദോഗസ്ഥർ ഉറപ്പ് വരുത്തി. തിരുവനന്തപുരത്ത് ആകെ 13 സ്ഥാപനത്തില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ ഇരിപ്പിട സൗകര്യം ഉറപ്പാക്കിയിട്ടില്ലാത്ത ഒരു സ്ഥാപനംമാത്രമാണ് കണ്ടെത്തിയത് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലത്ത് 17 ഇടത്ത‌് പരിശോധനയില്‍ നാലിടത്തും പത്തനംതിട്ടയില്‍ 16 സ്ഥാപനത്തിലെ പരിശോധനയില്‍ മൂന്നിടത്തും ഇരിപ്പിടം നല്‍കിയിട്ടില്ലെന്ന് കണ്ടത്തി. ആലപ്പുഴയില്‍ 42 സ്ഥാപനത്തിലെ പരിശോധനയില്‍ എട്ടിടത്തും എറണാകുളത്ത് 34 സ്ഥാപനത്തില്‍ 24 ഇടത്തും തൃശൂരില്‍ 15 സ്ഥാപനത്തില്‍ അഞ്ചിടത്തും ഇരിപ്പിടം അനുവദിച്ചിരുന്നില്ല. മലപ്പുറത്ത് 38 ഇടങ്ങളിലെ പരിശോധനയില്‍ 19 സ്ഥാപനത്തില്‍ മാത്രമാണ് സീറ്റ് അനുവദിച്ചിട്ടുള്ളത‌്. കോഴിക്കോട്ട‌് 56 ഇടങ്ങളില്‍ 37 സ്ഥാപനത്തിലും വയനാട്ട‌് 30 പരിശോധനകളില്‍ 23 ഇടത്തും കാസര്‍കോട്ട‌് 31 പരിശോധനയില്‍ 18 സ്ഥാപനത്തിലും സീറ്റ് നല്‍കിയിട്ടുള്ളതായി കണ്ടെത്തി.
ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളില്‍ യഥാക്രമം പരിശോധന നടത്തിയ 10, 14, 21 സ്ഥാപനത്തില്‍ എല്ലായിടത്തും ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവിധത്തില്‍ നടപടി സ്വീകരിച്ചിട്ടുള്ളതായും ഇരിപ്പിടം ഉറപ്പാക്കിയിരുന്നതായും കണ്ടെത്തി. കണ്ണൂരില്‍ 21 സ്ഥാപനം പരിശോധിച്ചതില്‍ മൂന്നിടത്തുമാത്രമാണ് ഇരിപ്പിടം നല്‍കിയിട്ടുള്ളത‌്. പരിശോധനയില്‍ ജീവനക്കാര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കും അടിയന്തര നടപടി സ്വീകരിക്കാന്‍ നോട്ടീസ് നല്‍കി. വരുംദിനങ്ങളിലും പരിശോധന തുടരുമെന്ന് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.