ഇന്ന് തിരുവോണം; എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഇന്ന് തിരുവോണം; എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. ഓണത്തിന് ഓരോ വര്‍ഷം ചെല്ലുന്തോറും പുതുമ കൂടുകയാണ് ചെയ്യുന്നത്. ശരിക്കും പഴമയുടെ ആഘോഷമാണ് ഓരോ ഓണവും. എന്നാല്‍ നമ്മളില്‍ ന്യൂജനറേഷന്‍ ഓണമാണ് ഓരോ വര്‍ഷം കഴിയുന്തോറും ആഘോഷിക്കുന്നത്. ഓണം എന്നതിലുപരി വെറുമൊരു ആഘോഷം എന്ന ലെവലിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.
മലയാളികളുടെ സംസ്ഥാനോല്‍സവമാണ് ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണത്തിന് മലയാള മണ്ണിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേല്‍പ്പേകി കൊണ്ടാണ് മലയാളികള്‍ ഓണം കൊണ്ടാടുന്നത്. അത്തം മുതല്‍ പത്ത് നാള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ തിരുവോണമാണ് മലയാളികള്‍ക്ക് ഏറെ പ്രാധാന്യം. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാള്‍ വളരെ മുന്‍പേ തന്നെ കേരളത്തിലും മധുര ഉള്‍പ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘകൃതികള്‍ വെളിപ്പെടുത്തുന്നു.
ഓരോ ജില്ലകളിലും വിവിധ സംഘടകളുടേയും ക്ലബ്ബുകളുടേയും സാംസ്‌കാരിക വേദികളുടേയും ആഭിമുഖ്യത്തില്‍ പൂക്കളമത്സരം, വടംവലി, ഓണക്കളികള്‍ എന്നിങ്ങനെ വിവിധ ഓണാഘോഷ പരിപടികളും സൗഹൃദമത്സരങ്ങളും സംഘടിപ്പിച്ചു കൊണ്ടാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. ആഘോഷങ്ങളില്‍ കുടുംബങ്ങളിലെല്ലാവരും ഒരുമിച്ച് സദ്യ ഒരുക്കുകയും കഴിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാല്‍ ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളില്‍ തന്നെ ചിലയിടത്തും ഇന്‍സ്റ്റന്റ് സദ്യക്ക് ആണ് പ്രാധാന്യം.
മികച്ച പൂക്കളങ്ങളും ആവേശം പകരുന്ന കളികളും തെക്കന്‍ കേരളത്തിലെ ഓണാഘോഷത്തെ വ്യത്യസ്തമാക്കുമ്പോള്‍, മണ്ണുകൊണ്ട് നിര്‍മ്മിച്ച മാതേവരെ നടുമുറ്റത്ത് നിരത്തിയും അരിമാവ് കൊണ്ട് കോലവുമിട്ടാണ് വടക്കന്‍ കേരളത്തില്‍ ഓണം വ്യത്യസ്തമാകുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ അങ്ങിങ്ങായി മഴപെയ്യുന്നുണ്ടെങ്കിലും അത് ആവേശത്തെ ഒട്ടും കുറയ്ക്കുന്നില്ല. കേരളത്തിനപ്പുറം പ്രവാസികള്‍ക്കിടയിലും ഓണത്തിന്റെ പ്രാധാന്യം ഒട്ടും കുറവല്ല. പ്രവാസികള്‍ക്ക് ഓണം ഗൃഹാതുരത്വവും കൂടിയാണ്. രാജ്യതതിനകത്ത് എല്ലാ നഗരങ്ങളിലും ഓണാഘോഷ പരിപാടികളും സദ്യയും നടത്താന്‍ തിരക്കുകൂട്ടുകയാണ് മലയാളി സംഘടനകള്‍. രാജ്യത്തിന് പുറത്ത് കുവൈറ്റ്, ദുബായ്, അബുദാബി, റിയാദ്, മിഷഗണ്‍, ന്യൂയോര്‍ക്ക്, ലണ്ടന്‍ തുടങ്ങി മലയാളികളുടെ സാന്നിദ്ധ്യമുള്ള എല്ലായിടത്തും ഇന്നും നാളയുമായി ഓണാഘോഷ പരിപാടികള്‍ നടത്തപ്പെടുന്നു. വിഷ്ണുവിന്റെ അവതാരമായ വാമനന്‍ പാതളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മലയാള മഹാരാജാവായിരുന്ന മഹാബലി സ്വന്തം പ്രജകളെ കാണാന്‍ ഭൂമിയിലേക്ക് വരുന്നു എന്നതാണ് ഓണത്തിന്റെ പുറകിലുള്ള ഐതീഹ്യം.

എല്ലാ മലയാളികൾക്കും ഒരിക്കൽ കൂടി “ചാനൽ ആർ.ബി ഡോട്ട് കോമിന്റെ” തിരുവോണാശംസകൾ…

 

0Shares