
മാർട്ടിൻ ജോൺ ചാലിശ്ശേരി
ഇന്നലെ ഞങ്ങൾ എങ്ങണ്ടിയൂരിലെ വിനായകന്റെ വീട്ടിൽ പോയിരുന്നു. വിനായകനില്ലാത്ത വീട്.
വേദനയും നിരാശയും രോഷവും തങ്ങിനിൽക്കുന്ന വീട്.കരുതലെല്ലാം കൈവിട്ടവരെപ്പോലെ അപ്പനും അമ്മയും ചേട്ടനും.ഒരുപാടൊന്നും പറയാനില്ലാതെ ഉമ്മറതിണ്ണയിലിരുന്നു ഞങ്ങൾ അവരെ കേട്ടു.
അമ്മയുടെ ഓമനമകനായിരുന്ന വിനായകനെക്കുറിച്ച്..ചിരിച്ചു സന്തോഷത്തോടെ,എല്ലാരോടും ഇടപെട്ടിരുന്ന,നാടെങ്ങും കൂട്ടുകാരുള്ള,പഠിപ്പിൽ പിറകിലെങ്കിലും പങ്കുവെക്കലിൽ മുന്നിൽ നിന്നിരുന്ന… നെയ്മറെയും മെസ്സിയെയും ആരാധിച്ചിരുന്ന,അവരുടെ ചുവടുകളെ ഉള്ളിലേറ്റിയ,നാട്ടിലെ ടൂർണമെന്റുകളിൽ എതിരാളികളുടെ പോസ്റ്റിൽ ഗോൾ നിറച്ചു അലറിയാർത്തിരുന്ന…പ്രണയിച്ചിരുന്ന…സ്വന്തംകാലിൽ നിൽക്കാനായി, ഇഷ്ടപ്പെട്ട തൊഴിൽ തേടിയിറങ്ങിയ…മുടിനീട്ടിയ, കയ്യിൽ പച്ചകുത്തിയ… കുറ്റമൊന്നും ചെയ്യാതെ പോലീസുകാരാലെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് ഒടുവിൽ ശരീരവും മനസും പ്രതീക്ഷകളും തകർന്നു ആത്മഹത്യ ചെയ്ത വിനായകനെക്കുറിച്ച്…
പിന്നെയുമേറെ അവനെക്കുറിച്ചു അവർ പറഞ്ഞുകൊണ്ടേയിരുന്നു. കേട്ടിരുന്നു. എന്താണ്ചെയ്യാനാവുകയെന്നു ആലോചിച്ചുനോക്കി. വിനായകൻ പോയ അന്നു മുതൽ അവിടെയാരും പണിക്കൊന്നും പോയിട്ടില്ല. അച്ഛന് ഹാർബറിലെ ദിവസ പണിയല്ലേ?ഉള്ളതെല്ലാംകൂട്ടിയും പോരാത്തത് പലിശക്കെടുത്തും ആറ്മാസംമുൻപ് ദോഹക്കുപോയ ചേട്ടൻ ജോലി കളഞ്ഞാണ് പോന്നത്.
തോന്നുന്നത് പറയട്ടെ കൂട്ടുകാരെ?
ഇപ്പോൾ അവിടെ ഏറ്റവും ആവശ്യം പൈസയാണ്. വക്കീലിനെ കാണാനാണെങ്കിലും,പരാതി കൊടുക്കാനാണെങ്കിലും,അന്നന്നത്തെ കാര്യങ്ങൾക്കാണെങ്കിലും. അതൊരു പാവം വീടാണ്. വിനായകനെ കണ്ടില്ലേ. അത്രയക്ക് പാവങ്ങളാ.അവന്റെ പേരിൽ അവിടെ കയറിയിറങ്ങിയ മന്ത്രിമാർ ഉൾപ്പടെ ആരുംതന്നെ അടുപ്പു പുകയുന്നതെങ്ങിനെയെന്നു ചോദിച്ചെന്നു തോന്നുന്നില്ല.
അക്കൗണ്ട് നമ്പര് ചോദിച്ചപ്പോ അമ്മയുടെ പഴയ പാസ്ബുക്ക് എടുത്തു തന്നു. വെറുതെ ഒന്ന് മറിച്ചു നോക്കി. അതില് കുറച്ച് ചില്ലറ രൂപകളേ ബാക്കിയുള്ളു. മൂന്നര കോടി മലയാളികളുണ്ട്. എല്ലാവരും ഒരു രൂപവെച്ച് ഇട്ടുകൂടേയെന്ന പി. ടി. ജാഫറിന്റെ ചോദ്യമേ ചോദിക്കുന്നുള്ളു?
അക്കൗണ്ട് നമ്പർ താഴെ ചേർക്കുന്നു.വിനായകനു വേണ്ടി ഉടനെ ചെയ്യേണ്ടത് ഈ അക്കൗണ്ട് ഉപയോഗിക്കുകയാണ്. പണം ഒന്നിനും തടസമാകരുത്. വിനായകന്റെ അച്ഛൻ, കൃഷ്ണേട്ടന്റെ മൊബൈൽ നമ്പർ ഇതാണ് : 7561858619. വിളിച്ചൊരു സ്നേഹം പറയാനും ഉപയോഗിക്കാം. തുണ നഷ്ടപ്പെട്ടവരാണ്. അവർക്ക് ഇനിയാണ് ആരെങ്കിലും ഉണ്ടാകേണ്ടത്.
വിനായകൻ എവിടെയെല്ലാമോ നിന്ന് നമ്മളെ കേൾക്കുന്നുണ്ട്. അവന് ജീവിക്കാൻ വലിയ ഇഷ്ടമായിരുന്നു. ജീവനുണ്ടായിരുന്നെങ്കിൽ നല്ല സ്റ്റൈലനായി അവനിങ്ങനെ പാറി നടന്നേനേ. ആ ചിറകാണല്ലോ നീതിപാലകർ ചവിട്ടിച്ചതച്ചത്. ആ ചിറകില്ലാതെ അവനെങ്ങനെ ജീവിക്കാനാണ്. നമ്മളെന്തായാലും പിരിഞ്ഞു പോകുന്നില്ല. വിനായകന് നീതി വേണം. ചില്ലറ ഒറ്റയ്ക്ക് നിക്കുമ്പഴാ ചില്ലറയാകുന്നത്. നമ്മള് ചില്ലറ മനുഷ്യര് തന്നെയാന്നേ. കൂടിത്തുടങ്ങിയാ,ആ ചില്ലറയിങ്ങനെ പെരുകും. അതു പെരുകിപ്പെരുകി ആ അമ്മയുടെ അക്കൗണ്ട് നിറയട്ടെ-
Omana P.K.
Federal bank ac.nr: 12520101011263
Ifsc : FDRL0001252
Engandiyoor.
