അഹമ്മദാബാദ്: രാജ്യത്ത് ഇന്ത്യന്‍ രൂപ അബോധാവസ്ഥയിലായെന്ന് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഇന്ത്യന്‍ രൂപ ഐസിയുവിലായിരുന്നു. അന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 60 രൂപയായിരുന്നു. ഇന്നത് 75 രൂപയിലെത്തിയിരിക്കുന്നു. ബോധക്ഷയത്തിലേക്ക് പോയിരിക്കുന്നു രൂപ. ഗുജറാത്തില്‍ രാഷ്ട്ര മഞ്ച് സംഘടനയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ പൗരന് ഭരണകൂടത്തിന്റെ ചെയ്തികളെക്കുറിച്ച് സംസാരിക്കാനാവില്ല. രാജ്യദ്രോഹികളാക്കി അവരെ മുദ്രകുത്തും. ജനാധിപത്യത്തിന്റെ മൗലികമായ അവകാശങ്ങള്‍ക്കെതിരാണിതെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് ഉത്തരവാദി. സിബിഐ ഇടപെടലുകളില്ലാതെ ശരിയായ അന്വേഷണം നടത്തുകയാണെങ്കില്‍ പലതും വെളിപ്പെടും. സിബിഐയുടെ പ്രതികരണത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. നടപടിയുണ്ടായില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങളിലേക്ക് കടക്കുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
ഇന്ത്യന്‍ രൂപ അബോധാവസ്ഥയില്‍; മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ