ആ അമ്മയുടെ കണ്ണീരിനും കാത്തിരിപ്പിനും ഫലമുണ്ടാകില്ലേ…?

  • Post category:news
  • Reading time:2 mins read
You are currently viewing ആ അമ്മയുടെ കണ്ണീരിനും കാത്തിരിപ്പിനും ഫലമുണ്ടാകില്ലേ…?

എഡിറ്റോറിയല്‍: കോഴിക്കോട് നാദാപുരം വളയത്തെ മഹിജയുടെ മകന്‍ തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ അസ്വാഭാവികമായ മരണവും അതേത്തുടര്‍ന്ന് ആ അമ്മ നടത്തി വരുന്ന ധര്‍മ്മ സമരവുമാണ് കേരളീയ സമൂഹത്തെ അടുത്ത കാലത്തായി പിടിച്ചുലച്ച സുപ്രധാന സംഭവം. കേരള സര്‍ക്കാറിനെ സൂചി മുനയില്‍ നിര്‍ത്താനും കക്ഷി രാഷ്ട്രീയ ഭേദമെന്യെ സംസ്ഥാനത്തെമ്പാടുമുള്ള ജനങ്ങളെയും തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്താനും മഹിജ എന്ന ഹൃദയം തകര്‍ന്ന ധീരയായ ഒരമ്മയ്ക്ക് സാധിച്ചിരിക്കുന്നു!. ജിഷ്ണു മരിച്ച ജനുവരി ആറ് മുതല്‍ മൂന്നുമാസക്കാലമായി ആ അമ്മ നേരിട്ടത് സമാനതകള്‍ ഇല്ലാത്ത അനുഭവങ്ങളാണ്. ഹൃദയം പിളര്‍ക്കുന്ന ദുരനുഭവങ്ങള്‍. കേരളീയ മനസ്സാക്ഷിയെ പിടിച്ചുലച്ചു കൊണ്ട് ആ അമ്മ പോരാടുകയാണ്. മകനെ നഷ്ടപ്പെട്ട ഒരമ്മ കടലോളം കരഞ്ഞ് തീര്‍ത്തപ്പോഴും കണ്ണീരൊപ്പേണ്ട അധികാരികള്‍ ഇപ്പോഴും നീതി നടപ്പിലാക്കാന്‍ എന്തേ അമാന്തം കാണിക്കുന്നു..? ആത്മഹത്യയായി ഒതുങ്ങുമായിരുന്ന ജിഷ്ണുവിന്റെ മരണം കേരളം ശ്രദ്ധിക്കുന്ന തരത്തിലേക്ക് മാറ്റിയത് ആ അമ്മയുടെ വാക്കുകളും കണ്ണീരുമാണ്. കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ തുറന്നുകാട്ടിയതും ഈ പോരാട്ടത്തിന്റെ ഫലമായാണ്. സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട് നടന്ന സമര പരമ്പരകളും അതിന്റെ ഫലങ്ങളുമെല്ലാം മഹിജയുടെ ഹൃദയ വേദനയുടെയും കണ്ണീരിന്റെയും കൂടി വിലയാണ്. നെഹ്‌റു കോളേജിന്റെ പിറകിലുള്ള പ്രബലന്മാരെ തൊടാന്‍ അറച്ചുനിന്ന ഇടതു ഭരണകൂടത്തെ തന്റെ ഇച്ഛാശക്തി കൊണ്ടും മനോബലം കൊണ്ടും കേരളീയ സമൂഹത്തിന്റെ ഐക്യപ്പെടല്‍ കൊണ്ടും കീഴ്‌പ്പെടുത്താന്‍ സാധിച്ച മഹിജ സ്ത്രീശക്തിയുടെ ഉജ്ജ്വല പ്രതീകം കൂടിയാണ്. ആ പഴയ എസ്.എഫ്.ഐ കാരിക്ക് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പഴയ വിപ്ലവ വീര്യമാണ് ഇന്നും കൈമുതലായിട്ടുള്ളത്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും നീതിയുടെ മുന്നിലെത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം എന്നതാണ് മഹിജയുടെയും കുടുംബത്തിന്റെയും ഏക ആവശ്യം. അക്കാര്യത്തില്‍ സര്‍ക്കാര്‍ അനുവര്‍ത്തിച്ച അലംഭാവത്തില്‍ മനംനൊന്താണ് മഹിജയും ബന്ധുക്കളും തിരുവനന്തപുരത്തെ ഡി.ജി.പി ഓഫീസിന് മുന്നില്‍ സമാധാനപരമായ സമരം നടത്താന്‍ എത്തിയത്. എന്നാല്‍ പോലീസിന്റെ അനവസരത്തിലുള്ള, വിവേകരഹിതമായ ചെയ്തികളെ തുടര്‍ന്ന് എല്ലാം തകിടം മറിയുകയായിരുന്നു. പോലീസിന് പറ്റിയ തെറ്റുകളെ ന്യായീകരിച്ച സര്‍ക്കാര്‍ സത്യത്തില്‍ പൊതു സമൂഹത്തിന് മുന്നില്‍ അപഹാസ്യമാവുകയാണ് ഉണ്ടായത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് ഇക്കാര്യത്തില്‍ ചില പോരായ്മകളും പാളിച്ചകളും സംഭവിച്ചിട്ടുണ്ടെന്നാണ് കേരളീയ സമൂഹം നിഷ്പക്ഷമായി വിലയിരുത്തുന്നത്. കേസന്വേഷണത്തിലും പ്രതികളെ പിടികൂടുന്നതിലും അനാസ്ഥയും അലംഭാവവും കാട്ടുന്നതില്‍ പ്രതിഷേധിച്ച് ഹൃദയം തകര്‍ന്ന ഒരു സ്ത്രീയെയും ബന്ധുക്കളെയും അവര്‍ക്കൊപ്പം വന്ന പൊതു പ്രവര്‍ത്തകരെയും ശത്രുതാമനോഭാവത്തോടെ നേരിട്ട പോലീസ്ഉദ്യോഗസ്ഥന്‍മാര്‍ കേരളീയ സമൂഹത്തിന് മുന്നില്‍ പരിഹാസ്യരായി എന്നതാണ് പരമാര്‍ത്ഥം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒളിവില്‍ കഴിയുന്ന മുഴുവന്‍ പ്രതികളെയും നേരത്തേതന്നെ പിടികൂടാനും മകന്‍ നഷ്ടപ്പെട്ട ഒരമ്മയെ തെരുവില്‍ വലിച്ചിഴക്കുന്നതു വരെ കാര്യങ്ങള്‍ എത്തിക്കാതിരിക്കാനുമായിരുന്നു പോലീസും ഭരണകൂടവും ശുഷ്‌കാന്തി കാട്ടേണ്ടത്. കേരളീയ സമൂഹത്തിന്റെ മുഴുവന്‍ ധാര്‍മ്മികവും വൈകാരികവുമായി പിന്തുണയുള്ള ഒരമ്മയെയും അവരുടെ ബന്ധുക്കളെയും നേരിട്ട രീതി അങ്ങേയറ്റം അന്യായവും കാടത്തവുമായിരുന്നു. കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ എത്തിച്ച് വേണം പിണറായി സര്‍ക്കാര്‍, ഉള്ളുരുകി തപിക്കുന്ന ആ അമ്മയുടെ കണ്ണീര്‍ തുടക്കേണ്ടത്. അതിന് വേണ്ടിയാണ് കേരളം കാത്തിരിക്കുന്നത്.

0Shares