ആഗോളവൽക്കരണമൊക്കെപ്പോയി, ഇത് പുത്തൻ കോളനിവൽക്കരണം

  • Post category:news
  • Reading time:2 mins read
You are currently viewing ആഗോളവൽക്കരണമൊക്കെപ്പോയി, ഇത് പുത്തൻ കോളനിവൽക്കരണം

പ്രിന്‍സ് പീറ്റര്‍ ഒഡേസ

നമ്മളൊക്കെയും പരീക്ഷണവസ്തുവാണ്, അടിമകൾ മാത്രമാണ് പുത്തൻ കൊളോണിയൽ സംസ്കാരനിർമിതിയിൽ. ബാലമരണമെന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുതുമയുള്ള ഒന്നല്ല. കൂട്ടമരണം അപൂർവമാണെന്നതാണ്. കൂട്ടമരണമെന്നത് തെറ്റായ പ്രയോഗമാകും. കൂട്ടക്കൊലയെന്നതല്ലേ ശരി. നമ്മുടെ സർക്കാരുകൾക്ക് കോർപറേറ്റുകളുടെയും കുത്തക മുതലാളികളുടെയും ഇപ്പോൾ ‘എയ്ഡഡ് സ്കൂൾ/കോളേജ് മാനേജ്മെന്റുകളുടെയുമൊക്കെ വേദന മാത്രമല്ലേ മനസിലാകൂ. സാധാരണക്കാരന്റെയോ തൊഴിലാളികളുടെയോ അടിസ്ഥാനവർഗ്ഗമെന്ന് അടിവരയിടപ്പെട്ടവന്റെയോ വേദനകൾ മനസിലാകില്ല.

അവരുടെ വിഭ്യാസമെന്നത് അത്ര അത്യാവശ്യമുള്ളതൊന്നുമല്ല, അവരുടെ യോഗ്യതകളേയും കഴിവുകളേയും ഉള്ളവന്റെ കീശബലത്താൽ മറികടക്കാവുന്നതേയുള്ളു. അവരുടെ കുഞ്ഞുങ്ങളുടെ ജീവനേക്കാൾ പണമുള്ളവന്റെ കുഞ്ഞുങ്ങളുടെ ജീവന് മൂല്യമേറും. വാകീറിയ ദൈവം കൊടുത്തോളുമെന്ന പഴയ വാക്കേറ് തന്നെയാണ്ഈ കാര്യത്തിലും.

എന്റെയോ നിന്റെയോ മരണം വാർത്തയാകില്ല, രോഗം വാർത്തയാകില്ല, ജീവിതാവസ്ഥകൾ വാർത്തയാകില്ല, ഇതൊന്നും മറ്റൊരുവന്റെയും വേദനയാകില്ല. അംബാനിയുടേയോ അദാനിയുടേയോ കുടുംബപ്രശ്നങ്ങൾ രാഷ്ട്രത്തിന്റെ പ്രശ്നമായുയരുന്നു. ഇവിടെ ദേശീയതയുടെ പ്രശ്നമാകുന്നു. രാജ്യസ്നേഹത്തിന്റെ പ്രശ്നമാകുന്നു, രാജ്യദ്രോഹികളും കുലംകുത്തികളും പ്രതികരണത്തിലും പ്രതിഷേധത്തിലുമുണ്ടാകുന്നു… എതിർപ്പിന്റെ സ്വരം ഉയർത്തുന്നവൻ യു. എ. പി. എ ചുമത്തപ്പെട്ട് വിഘടനവാദിയും തീവ്രവാദിയും ആയി രാജ്യദ്രോഹിയായി, ഭരണഘടനാവിരുദ്ധനായി പിന്നീട് ജയിലിനുപുറത്തുള്ളലോകമേ കാണാത്തവനാക്കപ്പെടുന്നു…

കുടിക്കാനുള്ള വെള്ളം കുപ്പിയിലായപ്പോൾ അത്ഭുതസ്തബ്ദരായ പഴയതലമുറയും കരം കൊടുത്ത് ബോട്ടിൽഡ് വാട്ടർ വാങ്ങിക്കുടിക്കേണ്ട ഗതി വന്നു. ഇപ്പോൾ ഓക്സിജൻ സിലിണ്ടർ വാങ്ങിസൂക്ഷിക്കേണ്ട ഗതിയിലേയ്ക്കെത്തപ്പെടുമ്പോളും വികസനമെന്ന മന്ത്രം ഇടയ്ക്കിടെ മുഴങ്ങിക്കേൾക്കുന്നു. ശ്വാസവായു കിട്ടാതെ കൂട്ടമരണം നടന്നെന്ന വാർത്തയിൽ, കുഞ്ഞുങ്ങൾ മരണപ്പെട്ടുവെന്ന വാർത്തയിൽ രാജ്യത്തിന് അതിശയോക്തിയില്ല. അത് രാജ്യത്തിന്റെ പ്രശ്നമാകുന്നില്ല. പിന്നെ ഇത് ഓക്സിജന്റെ പ്രശ്നം മൂലമാകാനുള്ള സാധ്യത കുറവാണെന്നതും മിക്കവാറും മരുന്നു പരീക്ഷണത്തിന്റെ ബാക്കിപത്രമാവാനാണ് സാധ്യതയെന്നും അല്ല. അതൊരു പരീക്ഷണ ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങളിലെ ജനങ്ങളാണല്ലൊ , മരുന്നു കമ്പനികളുടെ പരീക്ഷണശാലയാണെന്നും പറഞ്ഞാൽ പറയുന്നവന് ഭ്രാന്തും രാഷ്ട്രവിരുദ്ധനുമാക്കപ്പെടാം…

ചന്ദ്രനിലേയ്ക്കടക്കം ബഹിരാകാശയാത്രകളിലാദ്യം നായയടക്കമുള്ള ജീവികൾ പരീക്ഷണവസ്തുവായെങ്കിൽ, ആദ്യമൊക്കെ മരുന്നു പരീക്കണങ്ങൾ ജീവജാലങ്ങളിൽ പരീക്ഷിക്കപ്പെട്ട് വിജയമെന്നുറപ്പിച്ച് മാത്രം പ്രായോഗികമായി മനുഷ്യ ശരീരത്തിൽ ഉപയോഗിച്ചത്ഇന്നെത്തിനിൽക്കുന്നത് ഞാനടക്കമുള്ള സാധാരണക്കാരിലാകുന്നുവെന്ന് പറയേണ്ടിവരും. ഒരുപരീക്ഷണവസ്ഥുവായ് മാറുന്ന മനുഷ്യ ശരീരം. അതുതന്നെയാകണം കഴിഞ്ഞ ദിവസം യു. പിയിൽ കുഞ്ഞുങ്ങളുടെ കൂട്ടമരണകാരണമെന്നു പറഞ്ഞാൽ ഓക്സിജന്റെ കുറവാണ് മരണകാരണമെന്ന് വിധിയെഴുതിയ വൈദഗ്ദ്യങ്ങൾക്ക് അംഗീകരിക്കാൻ കഴിഞ്ഞേക്കില്ല. ആദർശം വിളമ്പുന്ന വർഗ്ഗരാഷ്ട്രീയങ്ങൾക്കും കഴിഞ്ഞേക്കില്ല. കാരണം അവരൊക്കെയും നവകൊളോണിയൽ വ്യവസ്ഥിതിയിൽ പലതിന്റെയും അടിമകളായിക്കഴിഞ്ഞു.

കോളനിവൽകൃത ജന്മിത്തനാടുവാഴിത്തവ്യവസ്ഥിതികളൊക്കെ പഴയകാലത്തേക്കാൾ ശക്തമായി സാധാരണക്കാരനുമേൽ അടിയുറപ്പിക്കുമ്പോൾ കൊഴുത്തുതടിക്കുന്ന ബൂർഷ്വാ മുതലാളിഭീമൻമാർക്ക് ഓശാന പാടാനേ രാഷ്ട്രീയനേതൃത്വങ്ങൾക്കും കഴിയൂ. കാരണം അവരുടെ എച്ചിൽപാത്രങ്ങളിൽ കയ്യിട്ടുവാരിയത്രേ. രാഷ്ട്രീയആദർശങ്ങളും പ്രത്യയശാസ്ത്രങ്ങളും നിലനില്പ് തിരയുന്നതെന്ന്മുദ്രാവാക്യം വിളിക്കുന്നവനും തല്ലിനും കൊല്ലിനും നടക്കുന്നവനുമായ സാധാരണക്കാരനായ ഞാനോ നീയോ അറിഞ്ഞേക്കില്ല, കാരണം ഞാനുംനീയുമടക്കം ഈ വ്യവസ്ഥിതിയുടെ അടിമകളായിരിക്കുന്നു.

0Shares