അറഫ സംഗമം ഇന്ന്. സര്‍വവും ലോക രക്ഷിതാവിനു സമര്‍പ്പിച്ച് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ ലക്ഷക്കണക്കിനു വിശ്വാസികള്‍

  • Post category:news
  • Reading time:1 min read
You are currently viewing അറഫ സംഗമം ഇന്ന്. സര്‍വവും ലോക രക്ഷിതാവിനു സമര്‍പ്പിച്ച് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ ലക്ഷക്കണക്കിനു വിശ്വാസികള്‍

 

മക്ക: സര്‍വവും ലോക രക്ഷിതാവിനു സമര്‍പ്പിച്ച് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ദേശ, രാഷ്ട്ര, വര്‍ണ വ്യത്യാസമില്ലാതെ തൂവെള്ള വസ്ത്രമണിഞ്ഞ് ഒരേ ലക്ഷ്യത്തോടെ, ഒരേ മനസ്സോടെ തീര്‍ത്ഥാടകലക്ഷങ്ങള്‍ എത്തുന്നതോടെ ലോകത്തെ ഏറ്റവും വലിയ മനുഷ്യമഹാസംഗമത്തിന് അറഫാ മൈതാനി സാക്ഷിയാവും. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന തല്‍ബിയത്തുമായി ഇന്നലെ പുലര്‍ച്ചെ മുതല്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകര്‍ ടെന്റുകളില്‍ പ്രാര്‍ഥനയിലും ആരാധനാകര്‍മങ്ങളുമായി കഴിഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഹാജിമാര്‍ പുലര്‍ച്ചെ തന്നെ മിനായിലെ തമ്പുകളിലെത്തി. 17 ലക്ഷത്തിലധികം വിദേശ തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും ഇന്നലെ ഉച്ചയ്ക്കു മുമ്പായി തമ്പുകളില്‍ എത്തിച്ചേര്‍ന്നു. മദീനയിലെയും മക്കാ പരിസരത്തെയും ആശുപത്രികളില്‍ രോഗികളായി കഴിയുന്ന വിദേശ തീര്‍ത്ഥാടകരെ സൗദി റെഡ് ക്രസന്റിന്റെ ആംബുലന്‍സില്‍ എത്തിച്ച് അറഫാ സംഗമം നിര്‍വഹിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അറഫാ സംഗമത്തിനു സാക്ഷിയാവാന്‍ ഇന്ത്യന്‍ ഹാജിമാര്‍ ഇന്നലെ രാത്രിയോടെ മിനായില്‍ നിന്നു യാത്ര ആരംഭിച്ചു. അറഫയിലേക്കുള്ള മശാഇര്‍ ട്രെയിന്‍ യാത്രക്കാരാണ് ആദ്യം പുറപ്പെട്ടത്. ഈ വര്‍ഷം 65,000 ഇന്ത്യന്‍ ഹാജിമാര്‍ക്കാണ് അറഫ, മുസ്ദലിഫ, മിനാ യാത്രയ്ക്കു ട്രെയിന്‍ സേവനം ലഭിച്ചിരിക്കുന്നത്. ട്രെയിന്‍ സേവനം ലഭ്യമല്ലാത്ത ഹാജിമാര്‍ രാത്രി 12 മണിയോടെ സൗത്ത് ഏഷ്യന്‍ മുത്വവ്വിഫ് ഏര്‍പ്പെടുത്തിയ ബസ്സുകളില്‍ അറഫയിലേക്കു തിരിക്കും. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അവസാന പ്രഭാഷണത്തിനു വേദിയായ ചരിത്രമുറങ്ങുന്ന ജബലുര്‍റഹ്മയുടെ താഴ്വരയില്‍ പശ്ചാത്താപവിവശരായി കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകളോടെ സൂര്യാസ്തമയം വരെ ഹാജിമാര്‍ കഴിഞ്ഞുകൂടും. മഗ്രിബ് നമസ്‌കാരാനന്തരം മുസ്ദലിഫയിലേക്കു തിരിക്കുന്ന അല്ലാഹുവിന്റെ അതിഥികള്‍ ആകാശം മേല്‍ക്കൂരയാക്കി അവിടെ രാപാര്‍ക്കും. തുടര്‍ന്നു നാളെ രാവിലെ മിനായിലെ തമ്പുകളിലേക്കു മടങ്ങിയെത്തി നാലുനാള്‍ അവിടെ തങ്ങി ജംറകളിലെ കല്ലെറിയല്‍, മൃഗബലി കര്‍മങ്ങള്‍ നിര്‍വഹിക്കും.

 

0Shares