
ന്യൂഡൽഹി: തകര്‍ത്ത ബാബ്റി മസ്ജിദിനു സമീപം സരയു നദിക്കരയിൽ ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. തീര്‍ഥാടനടൂറിസം പ്രോത്സാഹിപ്പിക്കാനാണ് പ്രതിമ നിര്‍മിക്കുന്നതെന്നാണ് യുപി സര്‍ക്കാരിന്റെ വിശദീകരണം. രാമന്റെ പ്രതിമ അയോധ്യയില്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും ആശയം പ്രാഥമികഘട്ടത്തിലാണെന്നും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി അവനീഷ് കുമാര്‍ അവാസ്തി പറഞ്ഞു. സരയൂ നദിക്കരയില്‍ വിവിധോദ്ദേശ്യ ഓഡിറ്റോറിയം ഉള്‍പ്പെടെ രാമകഥാഗ്യാലറി നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. അയോധ്യ വികസന പദ്ധതി യു.പി സര്‍ക്കാര്‍ ടൂറിസംമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ 133.70 കോടി രൂപ സംസ്ഥാനത്തിന് കേന്ദ്രം നല്കി.

ലക്ഷക്കണക്കിനു സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെ യു.പിയുടെ ടൂറിസം കൈപ്പുസ്തകത്തില്നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്നില്ല എന്നു പറഞ്ഞാണ് ആദിത്യനാഥ് നടപടിയെ ന്യായീകരിച്ചത്. സരയൂ നദിതീരത്തെ നിര്‍മാണത്തിന് ദേശീയ ഹരിതട്രിബ്യൂണലിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ‘നവ്യ അയോധ്യ’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ കരട് രൂപം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. അയോധ്യക്ക് വലിയ പ്രാധാന്യമുണ്ടെന്നും അത് അവഗണിക്കാനാകില്ലെന്നും ദിവസങ്ങള്‍ക്കുമുമ്പ് ആദിത്യനാഥ് പറഞ്ഞിരുന്നു. മസ്ജിദ് തകര്‍ത്ത സ്ഥലത്ത് താല്‍ക്കാലികമായി നിര്‍മിച്ച ക്ഷേത്രം മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദിത്യനാഥ് സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി മുഖ്യമന്ത്രിമാരാരും അയോധ്യ സന്ദര്‍ശിച്ചിട്ടില്ല എന്നിരിക്കെയാണിത്.
