
കൊല്ലം: അമൃതാനന്ദമയീമഠം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെത്തിയ അമേരിക്കക്കാരനായ യുവാവിനെ അതിക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരിയോ പോള്‍ എന്ന 37 കാരനെയാണ് ശനിയാഴ് അര്‍ധരാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. കരുനാഗപ്പള്ളി ആശുപത്രിയില്‍ മാനസിക പ്രശ്‌നങ്ങളോടെ യുവാവിനെ കൊണ്ടു വന്നെന്നും. അവിടെ വച്ച് ഇയാള്‍ അക്രമാസക്തനായെന്നും തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയെന്നുമാണ് കരുനാഗപ്പള്ളി പോലീസ് നല്‍കുന്ന വിശദീകരണം.

ഇയാള്‍ ആശ്രമത്തിലെ സ്ത്രീകളേയും മറ്റും ആക്രമിച്ചെന്നും. ഇതേ തുടര്‍ന്നാണ് ഇയാളെ കരുനാഗപ്പള്ളി ആശുപത്രിയില്‍ കൊണ്ടു വന്നതെന്നുമാണ് പോലീസ് ഭാഷ്യം. രണ്ടു കൈകളിലും കയര്‍കൊണ്ടു കൂട്ടിക്കെട്ടിയതിന്റെ അടയാളവുമുണ്ട്. മറ്റു പരിക്കുകള്‍ കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ഇന്നു നടക്കും. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ശരീരമാസകലം പരുക്കുണ്ട്. ശക്തമായ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുള്ള ചതവുകളാണ് ഏറെയും. വലതു കണ്ണിനു മുകളിലും നട്ടെല്ലിന്റെയും നെഞ്ചിന്റെയും വയറിന്റെയും കിഡ്‌നിയുടെയും ഭാഗങ്ങളിലും കാര്യമായി ക്ഷതമേറ്റിട്ടുണ്ട്. മൂത്രത്തിലൂടെ രക്തം പൊടിയുന്നതും കണ്ടെത്തി. കിഡ്‌നിക്കു സാരമായി തകരാര്‍ സംഭവിച്ചതിന്റെ ലക്ഷണമാണിത്. ആശുപത്രിയിലെത്തിച്ചതുമുതല്‍ അര്‍ദ്ധബോധവസ്ഥയിലാണ് യുവാവ്.
