
കണ്ണൂര്‍: അമിട്ടടി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായില്‍ നിന്നാണ് പുതിയ വാക്കിന്റെ ഉത്ഭവം. ഇദ്ദേഹത്തെ. അമിട്ട് ഷാജിയെന്നു നേരത്തേതന്നെ പേരിട്ടെങ്കിലും മുങ്ങല്‍ എന്ന പദത്തിന് പകരമായാണ് ട്രോളന്‍മാര്‍ അമിട്ടടിക്കുക എന്ന പ്രയോഗവുമായി എത്തിയിരിക്കുന്നത്. കുമ്മനം നയിക്കുന്ന ജനരക്ഷായാത്ര പൂര്‍ത്തിയാവുന്നതിന് മുന്‍പ് അസൗകര്യങ്ങള്‍ അറിയിച്ച് അമിത് ഷാ പിന്‍വാങ്ങിയിരുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ കുമ്മനം രാജശേഖരനെ തനിച്ചാക്കി അമിത് ഷാ മുങ്ങിയെന്നാണ് ട്രോളന്‍മാരുടെ ആക്ഷേപം.

ജാഥയ്ക്കു ജനപങ്കാളിത്തമില്ലാത്തതുകൊണ്ടാണു കേരളത്തില്‍നിന്ന് അമിത് ഷാ മുങ്ങിയതെന്നു ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ ദേശീയ അധ്യക്ഷന്‍ അടക്കം ജാഥയുടെ ഭാഗമാകുമെന്നാണ് ബി.ജെ.പി ആദ്യം പറഞ്ഞിരുന്നത് എന്നാല്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്ത് ദേശീയന്‍ അധ്യക്ഷന്‍ മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്രയില്‍ പങ്കാളിയായിരുന്നു. അമിത്ഷാ യാത്ര ഉദ്ഘാടനം ചെയ്ത ദിവസം നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതോടെ മാധ്യമങ്ങള്‍ യാത്രക്ക് വേണ്ടത്ര പിന്തുണയും നല്‍കിയില്ല. ഇതും അമിത്ഷായെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ഇടതു വലതു ഭേദമൊന്നുമില്ലാതെ ട്രോള്‍ ആക്രമണത്തിന് ഇരയാകാത്തവര്‍ ചുരുക്കം. കുമ്മനടി, പിണു, അമിട്ട് ഷാജി, പോപ്പ്, പേരപ്പന്‍, സങ്ങി, കമ്മി എന്നിങ്ങനെ ട്രോളന്മാര്‍ കണ്ടെത്തിയ പേരുകള്‍ കുറച്ചൊന്നുമല്ല. കൊച്ചിയില്‍ മെട്രോ ഉദ്ഘാടനത്തിനിടെ മോഡിക്കൊപ്പം കയറിപ്പറ്റിയതോടെയാണു കുമ്മനടിയെന്ന പേരു പ്രശസ്തമായത്. കുമ്മനം രാജശേഖരനായിരുന്നു ആഴ്ചകളോളം ഇര. ക്ഷണമില്ലാതെ നുഴഞ്ഞ് കയറുക എന്ന അര്‍ത്ഥത്തിലാണ് ട്രോളന്‍മാര്‍ പുതിയ വാക്ക് കണ്ടെത്തിയത്.
