അപ്പീലിലൂടെയെത്തിയ ആര്യയ്ക്ക് ഭരതനാട്യത്തിലും കുച്ചുപുടിയിലും വിജയത്തിളക്കം

  • Post category:local news
  • Reading time:1 min read
You are currently viewing അപ്പീലിലൂടെയെത്തിയ ആര്യയ്ക്ക് ഭരതനാട്യത്തിലും കുച്ചുപുടിയിലും വിജയത്തിളക്കം

ചെമ്മനാട്: അപ്പീലിലൂടെ ജില്ലാ കലോത്സവത്തിനെത്തിയ നീലേശ്വരം പള്ളിക്കരയിലെ ആര്യക്ക് വിജയത്തിളക്കം. ഹയര്‍സെക്കന്‍ഡറി വിഭാഗം ഭരതനാട്യത്തിലും കുച്ചുപുടിയിലും ഒന്നാം സ്ഥാനം ഈ മിടുക്കിക്കാണ്. സബ്ജില്ലയില്‍ ഭരതനാട്യത്തില്‍ ആര്യക്ക് രണ്ടാംസ്ഥാനമാണ് ലഭിച്ചത്. തുടര്‍ന്ന് അപ്പീലിലൂടെ ജില്ലാ മത്സരത്തിനെത്തി മികച്ച പ്രകടനത്തിലൂടെ സംസ്ഥാന കലോത്സവത്തിന് അര്‍ഹയായി. നേരത്തെ ഒരുതവണ ഹൈസ്‌കൂള്‍ തലത്തില്‍ ഭരതനാട്യത്തിന് സംസ്ഥാന തലത്തില്‍ മല്‍സരിച്ച് ഏ ഗ്രേഡ് നേടിയിരുന്നു. നാലുവയസ് മുതല്‍ കലാമണ്ഡലം അജിതയുടെ കീഴില്‍ ഭരതനാട്യം പരിശീലിക്കുന്ന ആര്യ അഞ്ചുമുതല്‍ എട്ടാംക്ലാസ് വരെ ജില്ലാ കലോത്സവത്തില്‍ ഒന്നാമതായിരുന്നു. നാടോടിനൃത്തത്തിലും മത്സരിക്കുന്നുണ്ട്. ഏഴില്‍ പഠിക്കുമ്പോള്‍ മൂന്നിനത്തിലും ജില്ലയില്‍ ഒന്നാമതായിരുന്നു. നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ ആര്യ, മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി രമേശന്റെയും ജില്ലാ സഹകരണ ബാങ്ക് നീലേശ്വരം സായാഹ്ന ശാഖയിലെ സീനിയര്‍ അക്കൗണ്ടന്റ് ടി വി ഭാര്‍ഗവിയുടെയും മകളാണ്.

0Shares