
നമ്മുടെ ഇന്നത്തെ മുഖം പരിശോധിച്ച് പ്രായമാകുമ്പോൾ നമ്മൾ എങ്ങനെയായിരിക്കും ഉണ്ടാകുക എന്നതിന്‍റെ കൃത്യമായ ഒരു ചിത്രം തരികയാണ് ഫേസ് ആപ്പ് ചെയ്യുന്നത്. സോഷ്യൽ മീഡിയകളിൽ സജീവമായ ഒരുവിധം എല്ലാവരും ഈ പരീക്ഷണം നടത്തിക്കഴിഞ്ഞു, അതിന്‍റെ ഫലം തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2017 ജനുവരിയിലാണ് ഫേസ് ആപ്പ് ആദ്യമായി ഐ. ഒ. എസിൽ അവതരിച്ചത്.
2019 ജൂലൈയിൽ ആപ്ലിക്കേഷൻ വീണ്ടും നെറ്റിസൺസിനിടയിൽ വൈറൽ ആയിരിക്കുകയാണ്. സെൻസർ ടവറിന്‍റെ കണക്ക് അനുസരിച്ച് ജൂൺ വരെ മാത്രം ഫേസ് ആപ്പ് 400000 ആളുകളാണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ഇതുവരെ ഈ ആപ്ലിക്കേഷൻ ഉണ്ടാക്കിയ വരുമാനം മൂന്നുലക്ഷം ഡോളറാണ് (ഏകദേശം രണ്ടുകോടി രൂപ). ആപ് അനലിറ്റിക്സ് പ്ലാറ്റ് ഫോമായ സെൻസർ ടവറിന്‍റെ കണക്ക് അനുസരിച്ച് ആപ് സ്റ്റോർ റാങ്കിംഗിലും ഗൂഗിൾ പ്ലേ റാങ്കിംഗിലും ഒന്നാമതാണ് ഫേസ് ആപ്പ്. വരുമാനത്തിന്‍റെ കാര്യത്തിൽ ആപ്പ് സ്റ്റോർ റാങ്കിംഗിൽ യു ട്യൂബിന് തൊട്ടു പിന്നിലാണ് ഫേസ് ആപ്പ്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഏറ്റവും പുതിയ വേർഷനാണ് ഈ ഫേസ് ആപ്പും. ഫോൺ ഗാലറിയിലുള്ള നിങ്ങളുടെ എല്ലാ ഫോട്ടോകളും പരിശോധിച്ചാണ് നിങ്ങളുടെ പ്രായത്തിന്‍റെ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പ്രായമുള്ള ചിത്രം ലഭ്യമാക്കുന്നത്. ഏതായാലും ഫേസ് ആപ്പ് പരീക്ഷിക്കുന്നതു വഴി നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ ഇരട്ടി വിവരങ്ങളാണ് നിങ്ങൾ ഈ ആപ്ലിക്കേഷന് നൽകുന്നത്. ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ നിങ്ങൾ നൽകുന്നത് നിങ്ങളുടെ ഒരു ഫോട്ടോ മാത്രമല്ല, നിങ്ങളുടെ ഫോണിലുള്ള ഏതൊരു ഫോട്ടോയും അഡാപ്റ്റ് ചെയ്യാനും മോഡിഫൈ ചെയ്യാനുമുള്ള ആക്സസ് കൂടിയാണ്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മോഡിഫിക്കേഷൻ മാജിക്കിനാണ് ഫോട്ടോകൾ നൽകുന്നത്. നമ്മുടെ പേരും യൂസർ നെയിമും ഉപയോഗിക്കാൻ ഫേസ് ആപ്പിന് അനുമതി നൽകുന്നു. പ്രൊസസിംഗിനു വേണ്ടി ഫേസ് ആപ്പ് ചിത്രം അപ് ലോഡ് ചെയ്യുന്നത് ക്ലൗഡിലേക്കാണ്. മറ്റ് മിക്ക ആപ്പുകളിലും ഡിവൈസിൽ തന്നെ പ്രൊസസിംഗ് പൂർത്തിയാകുമ്പോൾ ഫേസ് ആപ്പിൽ അത് ക്ലൗഡിലാണ് പൂർത്തിയാകുന്നത്. ആപ്ലിക്കേഷൻ നമ്മൾ നമ്മുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്താലും നമ്മൾ അപ് ലോഡ് ചെയ്ത ഫോട്ടോ ഫേസ് ആപ്പിൽ തന്നെയുണ്ടാകും.
എന്നാൽ, ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന മിക്കവർക്കും ഇതിനെക്കുറിച്ച് ധാരണയില്ല. ആപ്പിളിന്‍റെ ഐ.ഒ.എസ് പ്ലാറ്റ്ഫോമിലും ഉപയോക്താവിന്‍റെ അനുമതിയില്ലാതെ ഫോട്ടോകൾ ആക്സസ് ചെയ്യാൻ ഫേസ് ആപ്പിന് കഴിയും. ഇതൊരിക്കലും ഒരു നല്ല അടയാളമല്ല. ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഡിജിറ്റൽ കാൽപ്പാടുകളാണ് വെബ് ലോകത്ത് പതിപ്പിക്കുന്നത്. അതിനാൽ തന്നെ, നിങ്ങളുടെ വിവരങ്ങൾ നിങ്ങൾക്ക് മാത്രമല്ല നിങ്ങളെ പിന്തുടരുന്ന ഏതൊരാൾക്കും ഡിജിറ്റൽ ലോകത്ത് കൃത്യമായി നൽകാൻ കഴിയും.
തലച്ചോറിലെ ന്യൂറോണുകൾ എത്രമാത്രം ഇന്‍റർ ലിങ്ക് ആയാണ് കിടക്കുന്നത്, അതേപോലെ ആണ് ഈ ആപ്ലിക്കേഷനും തയ്യാറാക്കിയിരിക്കുന്നത്. ന്യൂറൽ നെറ്റ് വർക് ആണ് ഫേസ് ആപ്പിന് പിന്നിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നോളജി. റഷ്യൻ കമ്പനിയാണ് ഈ ആപ്ലിക്കേഷന് പിന്നിൽ. ഏതായാലും ഈ അപ് ലോഡ് ചെയ്യുന്ന ഫോട്ടോകളെല്ലാം റഷ്യയിലെ ഈ കമ്പനിക്കും ലഭിക്കും. റഷ്യയിൽ നിന്നുള്ള ഏതെങ്കിലും പ്രൊജക്ടിന്‍റെ ഭാഗമായാണോ ഇത്തരത്തിൽ ഒരു ആപ്ലിക്കേഷൻ വീണ്ടും സജീവമായതെന്ന് സാങ്കേതിക വിദഗ്ദർ സംശയിക്കുന്നു. കാരണം, ഒരു ഫോട്ടോ അപ് ലോഡ് ചെയ്യാൻ ശ്രമിക്കുന്ന സമയത്ത് തന്നെ ഫോണിലെ മുഴുവൻ ഫോട്ടോയും ഉപയോക്താവിന്‍റെ അനുമതിയില്ലാതെ അപ് ലോഡ് ചെയ്യുന്നതാണ് കാരണം. നിങ്ങളുടെ സകല രേഖകളും വെബ് ലോകത്ത് പതിപ്പിച്ചതിനു ശേഷം ആകരുത് ഭാവിയിലെ നിങ്ങളുടെ രൂപം എങ്ങനെ ആണെന്ന് അറിയാൻ. അത്ര സുരക്ഷിതമായ ഒരു ആപ്പ് അല്ല ഫേസ് ആപ്.
