കാസര്‍കോട്: കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോട് ഒരുകാലത്ത് കള്ളക്കടത്തിന്റെ വിഹാര കേന്ദ്രമായിരുന്നു. ’60കളിലും ’70 കളിലും കള്ളക്കടത്തുകാരുടെ ഇഷ്ട സങ്കേതം എന്നനിലയില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും ഈ പ്രദേശം കുപ്രസിദ്ധിയാര്‍ജ്ജിച്ചു. കള്ളക്കടത്തിന്റെ കാലം അസ്തമിച്ചപ്പോള്‍ കള്ളനോട്ടിന്റെയും കുഴല്‍ പണത്തിന്റെയും രംഗഭൂമിയായി മാറി ഇവിടം. ’90കളിലാണ് ഇവിടെ വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ പൊട്ടിമുളച്ച് തുടങ്ങിയത്. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും കാസര്‍കോടിനെ പങ്കിലമാക്കി. പില്ക്കാലത്ത് ഈ നാട് മാഫിയകളുടെയും അധോലോക സംഘങ്ങളുടെയും കൈപിടിയില്‍ അമര്‍ന്നു. സാമൂഹ്യദ്രോഹികള്‍ വിളയാട്ടം നടത്തുന്ന കാസര്‍കോടിനെ പുറംലോകം ഭയാശങ്കകളോടെയും സംശയദൃഷ്ടിയോടെയുമാണ് നോക്കികാണുന്നത്. അക്രമികളുടെയും ഗുണ്ടാസംഘങ്ങളുടെയും തേര്വാഴ്ച്ചയാല് അശാന്തമായ ജനജീവിതമാണ് ഇന്ന് ഇവിടെയുള്ളത്. നീതിയെയും നിയമത്തെയും ധിക്കരിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടും അക്രമി സംഘങ്ങള്‍ ആടിതിമിര്‍ക്കുന്ന കാഴ്ചയാണ് കാസര്‍കോട്ട് ഉള്ളത്. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും സ്ഥിതിഗതികള്‍ക്ക് മാറ്റമില്ല. സൈ്വര ജീവിതം നിഷേധിക്കപ്പെടുന്ന ജനതയായി കാസര്‍കോട്ടുകാര്‍ മാറുകയാണ്. ഏത് സമയത്താണ് കാസര്‍കോട്ട് ഹര്‍ത്താല്‍ പൊട്ടി വീഴുക എന്ന് ആര്‍ക്കും പറയാന്‍ ആവില്ല.! സാംസ്കാരികമായി മഹത്തായ പാരമ്പര്യമുള്ള ഈ ഭൂമിക നാളുകള്‍ ചെല്ലുംതോറും ഇരുട്ടിലേക്ക് നീങ്ങുന്ന വിരോധാഭാസമാണ് കാണാന്‍ കഴിയുന്നത്. സാമൂഹിക പ്രതിബദ്ധതയില്ലാത്തവരും പൊതു ബോധമില്ലാത്തവരുമായ ഒരു തലമുറ ഇവിടെ വളരുന്നു. സംസ്കാരത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കാത്തവരും പൗരധര്‍മ്മം പാടെ വിസ്മരിച്ചവരുമായ വിഭാഗവും ഇവിടെ അരങ്ങ് തകര്‍ക്കുന്നു. ഹിംസയുടെയും അച്ചടക്കരാഹിത്യത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്ന പരശ്ശതങ്ങള് ഈ നാടിന്റെ ശാപമായി വര്‍ത്തിക്കുന്നു. മതാന്ധതയാല്‍ മനുഷ്യത്വം മരവിച്ച് മൃഗസമാനരായി മാറിയവര്‍. അരും കൊലകളുടെ തട്ടകമായി മാറിയ കാസര്‍കോട് സദാ സമയവും ഭീതിയാല്‍ വീര്‍പ്പുമുട്ടുന്ന കാഴ്ച. മണല്‍ക്കടത്ത് , കഞ്ചാവ്, മയക്കുമരുന്ന് മാഫിയകള്‍ അരങ്ങ് വാഴുമ്പോള്‍ ജനജീവിതം ദുസ്സഹമാകുന്നു.

രണ്ട് വര്‍ഷത്തിനിടയില്‍ കാസര്‍കോട് പ്രദേശത്ത് നടന്നത് ക്രൂരമായ ആറ് കൊലപാതകങ്ങള്‍. കുടിപ്പകയുടെയും വൈരാഗ്യത്തിന്റെയും മാഫിയാസംഘട്ടനങ്ങളുടെയും വര്‍ഗ്ഗീയ സംഘട്ടനകളുടെയും ചോരക്കളിയില്‍ വിറങ്ങലിച്ച് നില്ക്കുന്ന നിസ്സഹായരായ ജനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടന്ന കൊലപാതകങ്ങള്‍ക്ക് മുന്നില്‍ മിഴിച്ച് നില്ക്കുന്ന കാഴ്ച. കൊലപാതക കേസുകളില്‍ പ്രതി പട്ടികയില്‍ വരുന്നവര്‍ പിടിക്കപ്പെടുന്നുണ്ടെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കറുത്ത കൈകളെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ പലപ്പോഴും പോലീസിന് സാധിക്കുന്നില്ല. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ പോലീസ് സ്റ്റേഷനുകള്‍ അക്രമികളുടെയും അധോലോക സംഘത്തിന്റെയും വര്‍ഗ്ഗീയ കോമരങ്ങളുടെയും മാഫിയകളുടെയും എണ്ണമറ്റ കേസുകളാല്‍ മൂടികിടക്കുന്ന ദൃശ്യം ആരുടെയും മനസ്സാക്ഷിയെ പിടിച്ചുലക്കാന്‍ പോന്നതാണ്. മഞ്ചേശ്വരം ,കുമ്പള പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നടന്നിട്ടുള്ള കൊലപാതകങ്ങള്‍ ഏറെയും മണല്‍ക്കടത്ത് , മയക്കുമരുന്ന് മാഫിയകളുമായി ബന്ധപ്പെട്ടതാണ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഉപ്പളയിലെ കുപ്രസിദ്ധ ക്രിമിനല്‍ കാലിയാ റഫീക്ക് കൊല്ലപ്പെട്ടത് മാസങ്ങള്‍ക്ക് മുമ്പാണ്. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണ്ണാടകയിലെ കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ജലീല്‍ എന്ന യുവാവ് മുഖംമൂടി സംഘത്തിന്റെ വെട്ടും കുത്തുമേറ്റ് പഞ്ചായത്ത് ഓഫീസില്‍ കൊല ചെയ്യപ്പെട്ടത് ഈയിടെയാണ്. കുമ്പള പേരാലിലെ അബ്ദുള്‍ സലാം ക്രൂരമായി കൊല ചെയ്യപ്പെട്ടത് അടുത്തനാളിലാണ്. കാസര്‍കോട് നഗര പരിസരത്തെ പഴയ ചൂരി ജുമാ മസ്ജദിലെ മദ്രസാധ്യാപകന് റിയാസ് മൗലവിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതും ഈയിടെയാണ്. ചേവാറിലെ വ്യാപാരി രാമകൃഷ്ണയാണ് ഏറ്റവും ഒടുവില്‍ കൊലക്കത്തിക്ക് ഇരയായ ഹതഭാഗ്യന്. അടിക്കടി ഉണ്ടാകുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും അനിഷ്ട സംഭവങ്ങളിലും മനംതരിച്ചിരിക്കുന്ന കാസര്‍കോടന്‍ ജനതയ്ക്ക് ശാശ്വതമായ ശാന്തിയും സമാധാനവും പകരാന്‍ എന്തേ ഉത്തരവാദപ്പെട്ട അധികൃതര്‍ക്ക് സാധിക്കുന്നില്ല..? ദൈവമേ, കാസര്‍കോടിന് എന്തുപറ്റി..? ഇക്കണക്കിന് പോയാല്‍ ഈ പ്രദേശത്തിന്റെ ഭാവി എന്താകും..? അതെ, കാസര്‍കോട്ടെ ആയിരക്കണക്കിന് വരുന്ന സാധാരണക്കാര്‍ പ്രാര്‍ത്ഥനകളോടെ ഉള്ളുരുകി ചോദിക്കുന്നു…