
തലശ്ശേരി: കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) കേരള പോലീസിന്റെ സഹായം ഒഴിവാക്കുന്നു. ഇതുസംബന്ധിച്ച നിർദേശം കേരളത്തിൽ പ്രവർത്തിക്കുന്ന സി.ബി.ഐ സംഘത്തിന് ലഭിച്ചു. ഇതേത്തുടർന്ന് ഇതുവരെ സി.ബി.ഐയെ സഹായിച്ചുകൊണ്ടിരുന്ന കേരള പോലീസ് സേനാംഗങ്ങളെ ഒഴിവാക്കാൻ സി.ബി.ഐ തീരുമാനിച്ചു. കേസന്വേഷണത്തിനായി കേരള പോലീസ് അനുവദിച്ച വാഹനങ്ങളും തിരിച്ചയച്ചു. സി.ബി.ഐക്കെതിരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കൈക്കൊള്ളുന്ന നിഷേധാത്മക നിലപാടാണ് നടപടിക്ക് കാരണം. മൂന്നുവർഷമായി സംസ്ഥാനത്തെ പ്രമാദമായ ചില കൊലക്കേസുകളുടെ പുനരന്വേഷണത്തിന് സി.ബി.ഐയുടെ കൊച്ചി -തിരുവനന്തപുരം, ചെന്നൈ യൂനിറ്റുകൾ കേരളത്തിലുണ്ട്.

അതത് ജില്ലകളിലെ റെസ്റ്റ് ഹൗസുകളിൽ ക്യാമ്പ് ഓഫിസ് തുറന്നാണ് സി.ബി.ഐ പ്രവർത്തിക്കുന്നത്. ഹൈകോടതിയുടെയും സംസ്ഥാന സർക്കാറിന്റെയും നിർദേശത്തെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത് നടത്തുന്ന സി.ബി.ഐയോട് മുൻ സർക്കാർ റെസ്റ്റ് ഹൗസിലെ മുറിവാടക ചോദിച്ചിരുന്നില്ല. എന്നാൽ, ഭരണമാറ്റം വന്നതോടെ സി.ബി.ഐയുടെ സൗജന്യ താമസം ഒഴിവാക്കാൻ തീരുമാനിച്ചു.
നിലവിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് കേരള പോലീസിൽനിന്ന് 30ഓളം ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിൽ നിന്നായി സി.ബി.ഐയെ സഹായിക്കാൻ നിയോഗിച്ചിട്ടുണ്ട്. ഒപ്പം വാഹനങ്ങളും ഡ്രൈവർമാരെയും അനുവദിച്ചിട്ടുണ്ട്. തലശ്ശേരി റെസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് ക്യാമ്പ് ഓഫിസ് തുറന്ന് അന്വേഷണം നടത്തുന്ന സി.ബി.ഐയെ സഹായിക്കാൻ ജില്ലയിലെ വിവിധ സേനാ യൂനിറ്റുകളിൽനിന്ന് സീനിയർ സിവിൽ പോലീസ് ഓഫിസർമാർ മുതൽ എ.എസ്.ഐവരെ ഏഴോളം ഉദ്യോഗസ്ഥരുണ്ടായിരുന്നു. കൂടെ രണ്ട് വാഹനങ്ങളും ഡ്രൈവർമാരുമുണ്ട്. 2014 മുതൽ ഇവർ സി.ബി.ഐയെ സഹായിക്കുന്നുമുണ്ട്.
