തിരുവനന്തപുരം: സിനിമ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ പ്രദര്‍ശിപ്പിക്കാന്‍ അന്യഭാഷാ ചിത്രങ്ങളില്ലാത്തതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ തീയേറ്ററുകളും അടച്ചിടാന്‍ ആലേചന. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഈ മാസം പത്തിന് ചേരുന്ന യോഗത്തില്‍ ഉണ്ടാകും. സിനിമകളുടെ തീയേറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം വേണമെന്ന തീയേറ്റര്‍ ഉടമകളുടെ ആവശ്യം നിര്‍മ്മാതാക്കളും വിതരണക്കാരും അംഗീകരിക്കാതെ വന്നപ്പോഴാണ് സിനിമ പ്രതിസന്ധി രൂക്ഷമാകുന്നത്.

അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് മുന്നോട്ട് പോകുമെന്നാണ് തീയേറ്റര്‍ ഉടമകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രദര്‍ശിപ്പിക്കാന്‍ അന്യഭാഷാ ചത്രങ്ങള്‍ ഇല്ലാത്തത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്യുന്നത്. പ്രദര്‍ശിപ്പിക്കാന്‍ സിനിമകള്‍ ഇല്ലാത്തതിനാല്‍ ഉണ്ടാവുന്ന വന്‍ സാമ്പത്തിക നഷ്ടമാണ് തീയേറ്റര്‍ അടച്ചിടാന്‍ കരണമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന ഉടമകളുടെ വാശി തീയേറ്റര്‍ അടച്ചിടുന്നതോടെ ജീവനക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കും.
