സഹായ ഹസ്തവുമായി നടികര്‍ സംഘം

  • Post category:news
  • Reading time:1 min read
You are currently viewing സഹായ ഹസ്തവുമായി നടികര്‍ സംഘം

ചെന്നൈ: പ്രളയ കെടുതികളില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി തമിഴ് സിനിമാ, ടെലിവിഷന്‍, സ്റ്റേജ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നല്‍കാനാണ് തീരുമാനം. പ്രസിഡന്റ് എം. നാസറിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന പ്രത്യേക പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്. യോഗത്തില്‍ സംഘത്തിന്റെ ട്രഷറര്‍ കാര്‍ത്തി, കമ്മിറ്റി അംഗങ്ങളായ നടന്‍ പശുപതി, ശ്രീമന്‍, അജയ് രത്‌നം, മനോബാല, നടി നളിനി, സംഗീത, സോണിയ തുടങ്ങിയവര്‍ പങ്കെടുത്തു. സൂര്യയും കാര്‍ത്തിയും കമല്‍ഹാസനുമടക്കമുള്ള താരങ്ങള്‍ കഴിഞ്ഞദിവസം കേരളത്തിന് തങ്ങളുടെ സഹായം പ്രഖ്യാപിച്ചിരുന്നു. തമിഴ് താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കമല്‍ഹാസനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കിയിരുന്നു. തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടി.വിയും കേരളത്തിനുള്ള തങ്ങളുടെ സഹായമായ 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

0Shares