
വാശിയേറിയ പോരാട്ടം നടന്ന പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലം വെള്ളിയാഴ്ച അറിയാം. പാലാ കാര്‍മല്‍ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍. ഇലക്ട്രോണിക് സംവിധാനത്തിലൂടെ അയക്കുന്ന പോസ്റ്റല്‍ ബാലറ്റുകളും സാധാരണ പോസ്റ്റല്‍ ബാലറ്റുകളുമാണ് ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടുയന്ത്രങ്ങളിലേത് എണ്ണിത്തുടങ്ങും.

രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാം.യു.ഡി.എഫിന് മേല്‍ക്കൈയുള്ള പാലായില്‍ ഇത്തവണപക്ഷെ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണങ്ങളോടെ കളം നിറഞ്ഞിരുന്നു. ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗാണ് പാലായിൽ രേഖപ്പെടുത്തിയത്. 14 റൗണ്ടുകളായാണ് വോട്ടെണ്ണൽ.
