ലോ അക്കാദമി ലോ കോളേജ് വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായി.

  • Post category:news
  • Reading time:1 min read
You are currently viewing ലോ അക്കാദമി ലോ കോളേജ് വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായി.

തിരുവനന്തപുരം: 29 ദിവസം നീണ്ടുനിന്ന ലോ അക്കാദമി ലോ കോളേജ് വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ചര്‍ച്ചയില്‍ വിദ്യാര്‍ഥികളും മാനേജ്‌മെന്റും തമ്മില്‍ പുതിയ ധാരണയിലെത്തി. പുതിയ പ്രിന്‍സിപ്പലിനെ ഉടന്‍ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനല്‍കി.


ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും പൂര്‍ണ്ണമായി മാറ്റിനിര്‍ത്താമെന്നും, പുതിയ പ്രിന്‍സിപ്പലിനെ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് അനുസൃതമായി ഉടന്‍ നിയമിക്കാമെന്നുമുള്ള കരാറില്‍ മാനേജ്‌മെന്റ് ഒപ്പിട്ടു നല്‍കി. വിദ്യാഭ്യാസ മന്ത്രി ബുധനാഴ്ച വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ മന്ത്രി വിഎസ് സുനില്‍കുമാറും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും പങ്കെടുത്തിരുന്നു. നേരത്തെ സമരം അവസാനിപ്പിച്ച എസ്എഫ്ഐ പ്രതിനിധികളെയും ചര്‍ച്ചയിലേക്ക് വിളിച്ചിരുന്നു.
സമരം അവസാനിച്ച പശ്ചാത്തലത്തില്‍ പേരൂര്‍ക്കട ലോ അക്കാദമിക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ ആഹ്ലാദപ്രകടനം നടത്തി. തിങ്കളാഴ്ച മുതല്‍ ലോ അക്കാദമി ലോ കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

 

 

0Shares