
ഉദയ്പൂര്‍: രാജസ്ഥാനില്‍ ലൗവ് ജിഹാദ് ആരോപിച്ച് യുവാവിനെ തീകൊളുത്തി കൊന്ന കേസിലെ പ്രതി ശംഭുലാലിന് വേണ്ടി കോടതി പരിസരത്ത് പ്രകടനം. പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് പോലീസുമായി ഏറ്റുമുട്ടി. സംഭവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുകളില്‍ കാവിക്കൊടി കെട്ടുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉദയ്പൂരില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തടയുകയും ചെയ്തിട്ടുണ്ട്.

ഡിസംബര്‍ ആറിനാണ് ലൗവ് ജിഹാദ് ആരോപിച്ച് ക്രൂരമായ കൊലപാതകം നടന്നത്. ശംഭുലാല്‍ എന്നയാള്‍ അഫ്രാസുള്‍ എന്ന മുസ്ലീം യുവാവിനെ പിക്കാസ് കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. തുടര്‍ന്ന് ലൗവ് ജിഹാദ് തടയുന്നതിനാണ് താന്‍ കൊലപാതകം ചെയ്തതെന്ന് ഇയാള്‍ അവകാശപ്പെട്ടു. ലൗവ് ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്നവരുടെ ഗതി ഇതായിരിക്കുമെന്നും ഇയാള്‍ പറഞ്ഞു. തന്റെ പതിനാല് വയസുള്ള മരുമകനെ കൊണ്ടാണ് ഇയാള്‍ കൊലപാതകം ചിത്രീകരിച്ചത്.
പ്രതി ശംഭുലാലിന്റെ കുടുംബത്തിന് വേണ്ടി വ്യാപക പണപ്പിരിവാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയത്. ഇയാളുടെ ഭാര്യ സീതയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേരളത്തില്‍ നിന്നടക്കം പണം നിക്ഷേപിക്കപ്പെട്ടിരുന്നു. മൂന്ന് ലക്ഷം രൂപയോളമാണ് ഇത്തരത്തില്‍ ശംഭുലാലിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ എത്തിയത്. ഇതേതുടര്‍ന്ന് പോലീസ് ശംഭുലാലിന്റെ ഭാര്യയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
